17 February Sunday

സത്താര്‍ ആദൂര്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2017

 തൃശൂര്‍ > കുഞ്ഞന്‍ പുസ്തകങ്ങളുടെ രചയിതാവും നിര്‍മാതാവുമായ സത്താര്‍ ആദൂര്‍, ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഓള്‍ ഗിന്നസ് റെക്കോഡ്സ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിനിധിയും യുആര്‍എഫ് ഏഷ്യന്‍ ജൂറിയുമായ ഡോ. ഗിന്നസ് സുനില്‍ ജോസഫ് തൃശൂര്‍ പ്രസ്ക്ളബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സത്താര്‍ ആദൂരിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. ലാര്‍ജസ്റ്റ് കലക്്ഷന്‍ ഓഫ് മിനിയേച്ചര്‍ ബുക്സ് കാറ്റഗറിയിലാണ് റെക്കോഡ്. ഒന്നു മുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെയുള്ള 3137 ചെറുതും വ്യത്യസ്തവുമായ പുസ്തകങ്ങളുടെ കലക്ഷനാണ് റെക്കോഡ് നേട്ടമുണ്ടാക്കിയത്. അസല്‍ബൈജാന്‍ സ്വദേശിനി സലഖോയ സരിഫ തൈമൂറിന്റെ പേരില്‍, 7.5 സെന്റിമീറ്റര്‍ വരെയുള്ള 2913 പുസ്തകങ്ങളുടെ റെക്കോഡാണ് സത്താര്‍ മറികടന്നത്.

സാഹിത്യ പ്രവര്‍ത്തനത്തിലൂടെ ഗിന്നസില്‍ ഇടംനേടുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടത്തിനുകൂടി ഉടമയായ സത്താര്‍, കേരളത്തില്‍നിന്ന് വ്യക്തിഗത ഇനത്തില്‍ റെക്കോഡ് നേടുന്ന പന്ത്രണ്ടാമനാണ്. 21 അടിനീളവും എട്ടടി വീതിയുമുള്ള ഷെല്‍ഫില്‍ 2710 കഥാസമാഹാരങ്ങളും 427 കവിതാ സമാഹാരങ്ങളും 38 ബോക്സുകളില്‍ പ്രത്യേകം ക്രമീകരിച്ച് 2016 ജൂണ്‍ നാലിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലായിരുന്നു സത്താറിന്റെ ഗിന്നസ് റെക്കോഡ് ശ്രമം. 2780 സമാഹാരങ്ങള്‍ മലയാളത്തിലും 357 എണ്ണം ഇംഗ്ളീഷിലും ഉള്ളവയായിരുന്നു.  നവം. 25ന് ഗിന്നസ് റിക്കാര്‍ഡ് അംഗീകരിക്കപ്പെട്ടു. രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ലണ്ടനില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഗിന്നസ് ദിലീഫ്, ഗിന്നസ് മുരളി നാരായണന്‍, ഐഷ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top