27 November Saturday
ഇനി പെട്ടിയും പറയും വേണ്ട

തൃശൂർ –-പൊന്നാനി കോൾ മേഖലയിലേക്ക് 
സബ്മേഴ്സിബിൾ പമ്പുകൾ എത്തി

ടി ബി ജയപ്രകാശ്Updated: Thursday Nov 25, 2021

സബ്മേഴ്സിബിൾ പമ്പ്

 

ചാവക്കാട് 
തൃശൂർ –-പൊന്നാനി കോൾ മേഖലയിലെ കർഷകർക്ക് ആശ്വാസവും സഹായവുമായി സബ്മേഴ്സിബിൾ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിയാരംഭിച്ചു. കോൾ മേഖലയിലെ    പാടങ്ങളിലേക്കുള്ള സബ്മേഴ്സിബിൾ പമ്പുകൾ തൃശൂരെത്തി. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 263 പമ്പുകളാണ് സ്ഥാപിക്കുന്നത്. ഇതിൽ ആദ്യകണ്ടയ്നറിൽ 10 എണ്ണമാണ്  തൃശൂർ അക്വാ പമ്പ് സർവീസ് സെന്ററിൽ എത്തിച്ചിട്ടുള്ളത്. 
  പമ്പുകൾക്ക് പുറമെ അനുബന്ധ ഘടകങ്ങളും അടുത്ത ദിവസം തന്നെ വിതരണം ചെയ്യും. ഡെലിവറി പൈപ്പ്, പാനൽ ബോർഡ് എന്നിവ കൂടി എത്തുന്നതോടെ ഒരാഴ്ചയ്ക്കകം തന്നെ പമ്പുകൾ  സ്ഥാപിക്കലും  ട്രയൽ റണ്ണും ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി    തൃശൂർ കൃഷി അസി. എക്സി. എൻജിനിയർ സൂരജ് കണ്ണൻ പറഞ്ഞു. 
 അതത് പമ്പ് ഹൗസുകൾക്ക് യോജിച്ച രീതിയിൽ ഡ്യൂട്ടി പോയിന്റ് ഡിസൈൻ ചെയ്താണ്  പമ്പുകൾ തയ്യാറാക്കിയത്.  കേസിങ്ങിൽ തന്നെയുള്ള സ്റ്റെയിൻലെസ്‌ സ്റ്റീൽ മെഷുകൾക്ക് പുറമെ, പറക്കുഴിയിൽ മരഭാ​ഗങ്ങളും ഒഴുകിയെത്തുന്ന വലിയ തോതിലുള്ള അന്യവസ്തുക്കളും ചവറുകളും അടിഞ്ഞുകൂടാതിരിക്കാൻ സ്റ്റീലിന്റെ സംരക്ഷണകവചമുണ്ട്‌.   
വെള്ളപ്പൊക്കത്തെ അതിജീവിക്കാവുന്നവയാണ്‌  പമ്പുകൾ. കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ വെള്ളം അടിച്ചുകയറ്റാനാകും. ഇപ്പോൾ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന 263 പമ്പുകളിൽ 227 എണ്ണം തൃശൂർ ജില്ലയിലെ കോൾ മേഖലയിലേക്കും 36 എണ്ണം മലപ്പുറം പൊന്നാനി മേഖലയിലുമാണ് സ്ഥാപിക്കുക. 
പദ്ധതിയിലെ കനാലുകളുടെ നവീകരണം പമ്പ് ഹൗസുകളുടെ നിർമ്മാണം എന്നിവ കെഎൽഡിസി യുടെ നേതൃത്വത്തിലും ട്രാൻസ്ഫോർമർ സ്ഥാപനവും വൈദ്യുതി ലൈൻ വലിക്കലും മറ്റും  കെഎസ്ഇബി യുടെ നേതൃത്വത്തിലും നടന്നുവരികയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top