24 October Sunday
ജാഗ്രതയോടെ പ്ലസ്‌വൺ പരീക്ഷ

സ്വന്തം സ്‌കൂൾ കാണാതെ പരീക്ഷ

സ്വന്തം ലേഖകൻUpdated: Saturday Sep 25, 2021
തൃശൂർ
രഞ്ജിത്തും അതുൽ കൃഷ്‌ണയുമെല്ലാം പ്ലസ്‌വൺ പഠനം പൂർത്തിയായെങ്കിലും  സ്‌കൂളിലെ ക്ലാസ്‌ മുറി കണ്ടിരുന്നില്ല.   സ്വകാര്യ കോളേജിൽ പഠിച്ചതിനാൽ പരീക്ഷക്കും സ്വന്തം സ്‌കൂൾ  കാണാനായില്ല.   പ്രവേശനത്തിനും പരീക്ഷാ ഫീസ്‌ അടയ്‌ക്കാനും പോയപ്പോൾ മാത്രമാണ്‌ കുട്ടികൾ സ്‌കൂൾമുറ്റം കണ്ടത്‌. കോവിഡ്‌ തീർത്ത ഈ പരീക്ഷണ കാലവും കടന്ന്‌  ആദ്യ പരീക്ഷയെഴുതി പുറത്തിറങ്ങിയപ്പോൾ ഇവരുടെ മുഖങ്ങളിൽ പ്രതീക്ഷ. 
തൃശൂർ പാറമേക്കാവ്‌ സ്‌കൂളിൽ ഹ്യുമാനിറ്റീസ്‌ വിദ്യാർഥികളായ  രഞ്ജിത്തും അതുലും സിഎംഎസ്‌ സ്‌കൂളിലാണ്‌ പരീക്ഷക്കെത്തിയത്‌. സോഷ്യോളജിയായിരുന്നു ആദ്യ പരീക്ഷ. ഇക്കൊല്ലം സ്‌കൂളിൽ പോവാനായില്ല.   ഓൺലൈൻ പഠനത്തിന്‌ പരിമതികളുണ്ടെന്ന്‌  രഞ്ജിത്ത്‌ പറഞ്ഞു. പരീക്ഷ നടത്തിയത്‌ നന്നായി. എന്നാൽ വാക്‌സിൻ ലഭിക്കാത്തതിനാൽ ആശങ്കയുണ്ടെന്നും കുട്ടികൾ പറഞ്ഞു.
  ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 56,000 കുട്ടികൾ ജില്ലയിൽ പരീക്ഷ എഴുതുന്നുണ്ട്‌.  വിദ്യാർഥികളെ  ഒറ്റ കവാടത്തിൽ കൂടി മാത്രമേ സ്കൂളിൽ പ്രവേശിപ്പിച്ചുള്ളൂ. പ്രവേശന കവാടത്തിൽ സാനിറ്റെസർ, ചൂട് പരിശോധന എന്നിവ നടത്തി.  വിദ്യാർഥികൾ  മാസ്ക് ധരിക്കുന്നതും  ഉറപ്പാക്കി. ക്ലാസ് മുറികളിൽ പേന, കാൽക്കുലേറ്റർ തുടങ്ങിയവ കൈമാറ്റം അനുവദിച്ചില്ല. 
കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്ക് ആരോഗ്യ വകുപ്പിന്റെ  സഹായത്തോടെ സംവിധാനമൊരുക്കിയിരുന്നു. വിദ്യാർഥികൾ തമ്മിലുള്ള കൂട്ടം ചേരലുകളും ഒഴിവാക്കാൻ നിർദേശം നൽകി. പരീക്ഷകൾ തമ്മിൽ അഞ്ചു ദിവസത്തെ ഇടവേളകളുമുണ്ട്‌.  
പരീക്ഷ സുഗമമായി നടന്നതായി ജില്ല വിദ്യാസ ഉപഡയറക്ടർ ടിവി മദനമോഹനൻ, ഹയർ സെക്കൻഡറി അക്കാദമിക് കോ–-ഓർഡിനേറ്റർ വി എം കരീം എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top