22 October Thursday
7 വിവാഹം നടന്നു

ലോക്ക്‌ഡൗൺ മറവിൽ ശൈശവ വിവാഹം പെരുകുന്നു

അക്ഷിത രാജ്‌Updated: Friday Sep 25, 2020
 
 
തൃശൂർ
ലോക്ക്‌ഡൗണിന്റെ മറവിൽ ജില്ലയിൽ‌‌ ശൈശവ വിവാഹ ശ്രമങ്ങൾ വർധിക്കുന്നു. അധികൃതരുടെ നിരന്തരമായ ഇടപെടലിനിടയിലും ജില്ലയിലെ പല ഭാഗങ്ങളിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം  വ്യാപകമാകുന്നു. 2019 ജനുവരി മുതൽ 2020 ജൂലൈ വരെയുള്ള കാലയളവിൽ ഏഴ് ശൈശവ വിവാഹം നടന്നു‌. 
14 എണ്ണം വനിതാ ശിശുസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്ഥർ തടഞ്ഞു‌. ഇതിൽ അഞ്ചെണ്ണം ലോക്ക്‌ഡൗൺ കാലത്താണ്‌ തടഞ്ഞത്‌‌. ഒരു കേസ് വിവാഹത്തിനുശേഷമാണ്‌ അധികൃതർ അ‌‌റിഞ്ഞത്‌‌. വിവാഹം കഴിക്കാനായി പെൺകുട്ടി‌ വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണ്‌ മറ്റൊരു കേസ്‌. അധികൃതർക്ക്‌ വിവരം ലഭിച്ചതിനെത്തുടർന്ന്‌ വിവാഹം‌ തടയാനായി. 
18 വയസ്സ്‌ പൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹത്തിന്റെ കാര്യത്തിലാണ്‌ അധികൃതർ കൂടുതൽ ശ്രദ്ധചെലുത്തുന്നത്‌. എന്നാൽ, ആൺകുട്ടികൾ 21 വയസ്സ്‌ പൂർത്തിയാകും മുമ്പ്‌ വിവാഹം കഴിക്കുന്നതും പതിവാണ്‌. അന്വേഷണവുമായി എത്തുമ്പോഴാണ്‌ രക്ഷിതാക്കളും പ്രായത്തിന്റെ കാര്യത്തിൽ ബോധവാന്മാരാകുന്നത്‌. ചിലർ കുട്ടികളുടെ പ്രായം സംബന്ധിച്ച വിവരം പുറത്തുപറയാനും മടിക്കുന്നു. പഠിച്ച സ്‌കൂളുകൾവഴി വിവരം ശേഖരിച്ചാണ്‌ ഇവരുടെ പ്രായം കണ്ടെത്തുന്നത്‌. 
ചില ഘട്ടങ്ങളിൽ വിവാഹചടങ്ങ് കഴിഞ്ഞ ‌ശേഷമേ ഉദ്യോഗസ്ഥർ വിവരങ്ങൾ അറിയുന്നുള്ളു. ലോക്ക്‌ഡൗൺ സമയത്ത്‌ തടഞ്ഞ വിവാഹങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിൽ മിക്കവയും ചെലവ്‌ ചുരുക്കാനാണ്‌ നടത്തുന്നത്‌. കൂടാതെ കോവിഡ്‌ കാരണം അധികൃതരുടെ ശ്രദ്ധയിലും ഇവ പെട്ടെന്ന്‌ എത്തില്ലെന്ന ആളുകളുടെ തോന്നലിൽ രഹസ്യമായി നടത്തുകയുമാണ്‌. ജില്ലയിൽത്തന്നെ വടക്കാഞ്ചേരി ഭാഗത്ത്‌ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർ പെൺകുട്ടികളുടെ വിവാഹം പ്രായപൂർത്തിയാകും മുമ്പ്‌ നടത്തുന്നതായി കണ്ടെത്തിയിരുന്നു. 
തുടർന്ന്‌  ഉദ്യോഗസ്ഥർ ഇടപെട്ട്‌‌ രണ്ട്‌ വിവാഹങ്ങൾ തടഞ്ഞു‌. ഇത്തരം സന്ദർഭങ്ങളിൽ വീട്ടുകാർക്കെതിരെ കേസെടുത്ത്‌ ബോധവൽക്കരണം നൽകുകയാണ്‌ അധികൃതർ ചെയ്യുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top