21 October Wednesday

ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 

 
മാള
വീടിനകത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുത്തൻചിറ പിണ്ടാണിയിൽ മരംവെട്ടു തൊഴിലാളിയായ കടമ്പോട് സുബൈറിന്റെ മകൾ റഹ്മത്തി (30)നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്‌. പിണ്ടാണിയിൽ വാടകവീട്ടിൽ താമസിക്കുന്ന പറവൂർ വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംനാദി(45)ന്റെ ഭാര്യയാണ് റഹ്മത്ത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷംനാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
ബുധനാഴ്ച രാത്രി   ഷംനാദ് കഴുത്ത് ഞെരിച്ചു കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇയാൾ നാട്ടിൽ മത്സ്യക്കച്ചവടം നടത്തുകയാണ്. 
വ്യാഴാഴ്ച പുലർച്ചെ മക്കളായ ഷറഫുദ്ദീൻ (9), രണ്ടരവയസ്സുള്ള ഹയാൻ എന്നിവരേയും കൂട്ടി ഷംനാദ് വടക്കേക്കരയിലെ വീട്ടിൽപോയിരുന്നു. കുട്ടികളെ അവിടെ ഏൽപ്പിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. 
സംശയംതോന്നിയതിനെത്തുടർന്ന് ഷംനാദിന്റെ ഉമ്മ പിണ്ടാണിയിലേക്ക് വിളിച്ച്‌ കുട്ടികളെ കൊണ്ടുവന്നിട്ടുണ്ടെന്നും റഹ്മത്തിനെ കണ്ടില്ലെന്നും അറിയിച്ചു. തുടർന്ന് അയൽക്കാർ വാടകവീട്ടിൽ അന്വേഷിച്ചപ്പോഴാണ്  കൊല്ലപ്പെട്ട നിലയിൽ റഹ്മത്തിനെ കണ്ടത്. 
തുടർന്നുള്ള അന്വേഷണത്തിൽ ഷംനാദിനെ വടക്കേക്കര പൊലീസ് പിടികൂടി. 
പിണ്ടാണിയിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. മാള സിഐ സജിൻ ശശി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. റഹ്മത്തിന്റെ ഏക സഹോദരൻ അമീർ ഗൾഫിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top