22 October Tuesday

അഴീക്കോട് ദുരിതാശ്വാസ അഭയകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
കൊടുങ്ങല്ലൂർ 
തീരദേശവാസികൾക്ക് ആശ്വാസമായി അഴീക്കോട് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം വരുന്നു. ജില്ലയിലെ ആദ്യത്തെ മൾട്ടിപർപ്പസ് അഭയകേന്ദ്രമാണ് അഴീക്കോട് നിർമിക്കുന്നത്. 
അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭം, ചുഴലിക്കാറ്റ് എന്നിവയിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് കഴിയുംവിധമാണ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം  സ്ഥാപിക്കുക.  മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് സൈക്ലോൺ ഷെൽട്ടർ ഹോം നിർമിക്കുന്നത‌്. മൾട്ടിപർപ്പസ് കേന്ദ്രമായും ഉപയോഗിക്കാവുന്ന തരത്തിൽ നിർമിക്കുന്ന കേന്ദ്രം സംസ്ഥാനത്തെ  മൂന്നാമത്തെ അഭയകേന്ദ്രമാണ്. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരം സംസ്ഥാന ചുഴലിക്കാറ്റ് പ്രതിരോധ നടത്തിപ്പ് കേന്ദ്രത്തിന്റെ കീഴിലാണ് കേന്ദ്രം സ്ഥാപിതമാകുക. പദ്ധതി നിർവഹണത്തിന്റെ ഭാഗമായി അഭയകേന്ദ്ര പരിപാലനകമ്മിറ്റി രൂപീകരിക്കുന്നതിനായി എറിയാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ എൻസിആർഎംപി സംസ്ഥാന കമ്യൂണിറ്റി മോബിലൈസർ സിറിയക്കാണ‌്  ഇക്കാര്യം വ്യക്തമാക്കിയത്. ഭിന്നശേഷിക്കാർക്കുകൂടി ഉപകാരപ്രദമായ രീതിയിൽ റാമ്പുകളും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഹെലികോപ്റ്റർ എയർ ഡ്രോപ്പ് സംവിധാനവും ഇതോടനുബന്ധിച്ച് ഉണ്ടാകും. 2022ഓടെ പണി പൂർത്തീകരിച്ച് തീരദേശത്തിന്റെ   ദുരന്ത നിവാരണകാര്യശേഷിക്ക‌് മുതൽക്കൂട്ടാവും.  സംസ്ഥാനത്തെ 9 ജില്ലകളിലായി 14 ഇടങ്ങളിലാണ് അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.  ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ്(ചെയർമാൻ), പഞ്ചായത്ത് സെക്രട്ടറി(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ), വില്ലേജ് ഓഫീസർ(കൺവീനർ), പൊലീസ് സബ് ഇൻസ്‌പെക്ടർ, ഡിവിഷണൽ ഫയർ ഓഫീസർ, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, കുടുംബശ്രീ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രതിനിധികളുൾപ്പെടുന്ന അഭയകേന്ദ്ര പരിപാലനകമ്മിറ്റിയും ഇതിന്റെ ഭാഗമായി രൂപീകരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളേയും പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻമാരേയും മെഡിക്കൽ ഓഫീസർമാരേയും  പിന്നീട് ഉൾപ്പെടുത്തും. ദുരന്തനിവാരണകാര്യശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് കമ്മിറ്റികൾ രൂപീകരിക്കും. ദുരന്തനിവാരണപ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരെ തെരഞ്ഞെടുത്ത്  പരിശീലനം നൽകും. 25 ശതമാനം സ്ത്രീപങ്കാളിത്തത്തോടെ 30 പേരടങ്ങുന്ന വളണ്ടിയർ കമ്മിറ്റിയാണ് രൂപീകരിക്കുക. 
ഫയർഫോഴ്‌സിന്റെ സഹായത്തോടെ പഞ്ചായത്തുകളിൽ മോക്ഡ്രില്ലുകളും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോധവൽക്കരണക്ലാസുകളും സംഘടിപ്പിക്കും. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് പി എം അബ്ദുള്ള, സെക്രട്ടറി പി എ  താജു, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, അഴീക്കോട് വില്ലേജ് ഓഫീസർ റസിയ, പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക ശിവപ്രിയൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top