29 February Saturday

ഇനി 112; വിളിപ്പുറത്തെത്തും പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

തൃശൂർ

അപകടസമയത്ത്‌ 112ൽ വിളിച്ചാൽ വിളിപ്പുറത്ത്‌ പൊലീസെത്തും. ദ്രുതഗതിയിൽ പൊലീസ്‌ സേവനങ്ങൾ ലഭ്യമാക്കാൻ ഇആർഎസ്എസ് കമാൻഡിങ്‌ കൺട്രോൾ റൂമുകൾ സജ്ജമായി.  എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ ഭാഗമായാണ് സിറ്റിയിലും റൂറലിലും കേന്ദ്രം സജ്ജമാക്കിയത്.    
 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കമാൻഡ്‌ സെന്ററിലെ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ സഹായത്തിന്‌ വിളിക്കാം. ഈ ഫോൺ സന്ദേശങ്ങൾ തിരുവനന്തപുരത്തുള്ള ആസ്ഥാന കോൾ സെന്ററിൽ സ്വീകരിക്കും. തുടർന്ന് സേവനം ആവശ്യപ്പെടുന്ന ആളുടെ വോയ്‌സ് റെക്കോർഡ് ഉൾപ്പെടെ ഫോൺ നമ്പർ, അപകടം നടന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട ജില്ലകളിലെ കമാൻഡിങ്‌ കൺട്രോൾ റൂമിന്‌ കൈമാറും. ഈ സന്ദേശം അപകടമേഖലയ്ക്ക് ഏറ്റവും അടുത്തുള്ള പൊലീസ് വാഹനത്തിലേക്ക് നൽകും. ജില്ലാ കൺട്രോൾ റൂമുകളിൽനിന്ന് ഫോൺ മുഖേന നേരിട്ടും അറിയിക്കും. 
എൻറൂട്ട്, വെഹിക്കിൾ റീച്ച്ഡ്, ഇവന്റ് ക്ലോസ്ഡ് എന്നിങ്ങനെ മൂന്ന് ഘട്ട സ്ഥിരീകരണങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനങ്ങൾ. ഇതിനായി വാഹനം പുറപ്പെട്ടുവെന്ന വിവരം ജില്ലാ കൺട്രോൾ റൂമിലും തിരുവനന്തപുരത്തെ ഡിസിസി യൂണിറ്റിലും ലഭിക്കും. അപകടസ്ഥലത്ത് വാഹനം എത്തുമ്പോൾ ‘വെഹിക്കിൾ റീച്ച്ഡ്' എന്ന വിവരം കൺട്രോൾ റൂമുകളിൽ ലഭ്യമാകും. സേവനം പൂർത്തീകരിച്ച ശേഷം ‘ഇവന്റ് ക്ലോസ്ഡ്' എന്ന സൂചനയോടെ ദൗത്യം പൂർത്തീകരിച്ചതായും രേഖപ്പെടുത്തും.
 ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് ലഭ്യമാക്കിയ സേവനങ്ങളുടെ വിശദവിവരം ജില്ലാ കൺട്രോൾ റൂമിലേക്കും അവിടെനിന്ന്‌ തിരുവനന്തപുരത്തെ ആസ്ഥാന കോൾ സെന്ററിലേക്കും അയക്കുന്നതോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി ഇആർഎസ്എസിൽ രേഖപ്പെടുത്തുന്നത്. 
അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസ് സൗകര്യങ്ങളും ഈ സംവിധാനത്തിലൂടെ നൽകും. നിർഭയ കേസിനെത്തുടർന്ന്  ഇലക്ട്രോണിക്‌സ് ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിഡാക്കിന്റെ നേതൃത്വത്തിലാണ് ഇആർഎസ് സിസ്റ്റം രൂപീകരിച്ചത്.
പ്രധാന വാർത്തകൾ
 Top