തൃശൂർ
പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർഥകേന്ദ്രത്തിലെ (പുത്തൻപള്ളി) പ്രതിഷ്ഠാ തിരുനാൾ 25, 26, 27, 28 തീയതികളിൽ നടക്കുമെന്ന് പള്ളി വികാരി ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെള്ളി വൈകിട്ട് അഞ്ചിന് മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ കൂടുതുറക്കൽ ശുശ്രൂഷ നടക്കും. വൈകിട്ട് 6.30ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ ഹൈക്കോടതി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ നിർവഹിക്കും. ശനി വൈകിട്ട് 6.30ന് വിവിധ യൂണിറ്റുകളിൽനിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ എത്തിച്ചേരും. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.45ന് തിരുനാൾ പാട്ടുകുർബാന തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. വൈകിട്ട് 4.30ന് തിരുനാൾ പ്രദക്ഷിണം, 6.30ന് വ്യാകുലം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കുന്ന വാദ്യമേളത്തോടെ തിരുനാളിന് സമാപനമാകും. തിരുനാളിനോടനുബന്ധിച്ച്, നിർധനരായ രണ്ട് പെൺകുട്ടികളുടെ വിവാഹത്തിനായി അഞ്ച് പവൻ സ്വർണം വീതവും ഒരു കുടുംബത്തിന് വീടും നിർമിച്ച് നൽകും. 2021ലെ തിരുനാളിന് ശേഷം 37 ലക്ഷം രൂപയുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി.
വാർത്താസമ്മേളനത്തിൽ നടത്തുകൈക്കാരൻ സണ്ണി തേർമഠം, ജനറൽ കൺവീനർ സെബി ചാണ്ടി, ഔസേപ്പ് കുരുതുകുളങ്ങര, ടി എൽ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..