04 December Saturday
മലവെള്ളപ്പാച്ചിൽ

മുപ്പതോളം വീടുകളില്‍
വെള്ളം കയറി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

മലവെള്ളപ്പാച്ചിലില്‍ പരിയാരം, കോടശേരി പഞ്ചായത്തുകളിലെ വീടുകളില്‍ വെള്ളം കയറിയപ്പോള്‍

 
ചാലക്കുടി 
ശനിയാഴ്ച പുലർച്ചെയുണ്ടായ മലവെള്ളപ്പാച്ചിലിൽ മലയോരമേഖലയിലെ മുപ്പതോളം വീടുകളിൽ  . വീട്ടുപകരണങ്ങളും കാർഷിക വിളയും വ്യാപകമായി നശിച്ചു. കപ്പത്തോട് കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണമായത്. കോടശ്ശേരി മലയിൽ നിന്നുമുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് തോട് കവിഞ്ഞത്.  
തോട് കടന്നു പോകുന്ന പ്രദേശങ്ങളെല്ലാം വെളളത്തിലായി. നമ്പ്യാർപടിയിലാണ് കൂടുതൽ നാശം. പരിയാരം പഞ്ചായത്തിൽപെട്ട മാവുഞ്ചിറ പാലത്തിന് സമീപം പയ്യപ്പിള്ളി ഡേവിസിന്റെ വീട് പകുതിയോളം മുങ്ങി. ടി വി, ഫ്രിഡ്ജ്‌ എന്നിവ അടക്കമുള്ള വീട്ടുകരണങ്ങളെല്ലാം നശിച്ചു. കൂട്ടിലുണ്ടായിരുന്ന മുപ്പതോളം കോഴികളും മുങ്ങിച്ചത്തു. പുലർച്ചെ വീടിനകത്തേക്ക് വെള്ളമെത്തിയതോടെ ഉറക്കത്തിലായിരുന്ന വീട്ടുകാർ പരിഭ്രാന്തിയിലായി. കട്ടിലിൽ നിന്നും മുട്ടോളം വെള്ളത്തിലേക്കാണിറങ്ങിയത്. നിമിഷം കൊണ്ട് വെള്ളം ഉയർന്നു. രോഗിയും 91കാരിയുമായ ഡേവിസിന്റെ അമ്മ മേരിയെ സമീപവാസികൾ ചേർന്നാണ് വീട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് മറ്റൊരു വീട്ടിലേക്ക് മാറ്റി. 
പരിപ്പിൽ ചന്ദ്രൻനായർ, കണ്ണൂട്ടി ബോസ്, പറപറമ്പിൽ ബിജു, മഞ്ഞളി ജോൺസൺ എന്നിവരുടെ വീട്ടിലും വെള്ളം കയറി. നമ്പ്യാർപടി പാലത്തിന്റെ മറുകരയായ കോടശ്ശേരി പഞ്ചായത്തിന്റെ ഒമ്പതാം വാർഡിലെ പത്തോളം വീടുകളിലും വെള്ളമെത്തി. 
പുറത്ത് സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങളും കാർഷികോപരണങ്ങളും  ഒഴുകിപ്പോയി. കുണ്ടറതലക്കൽ ജ്യോതി അനിൽ, മഞ്ഞളി ലൂയീസ്, ഞാറ്റുവെട്ടി ബിനീഷ്, തോപ്പുപറമ്പിൽ രവി, പറപറമ്പത്ത് ഭാസ്‌കരൻ എന്നിവരുടെ വീടുകളിൽ ഭാഗികമായി വെള്ളം കയറി. 
പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് കൂർക്കമറ്റത്തും കപ്പത്തോട്ടിൽ നിന്നും അഞ്ച് വീടുകളിലേക്ക് വെള്ളം കയറി. ഇവിടെ ഒരു കുടുംബം വീടിന്റെ മുകളിൽ അഭയം തേടി. അതിരപ്പിള്ളി പഞ്ചായത്തിലെ കോട്ടാമല തോടിന്റെ കൈവഴികളും കവിഞ്ഞൊഴുകി. ഇവിടേയും അഞ്ച് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. സ്‌മൈൽ വില്ലേജ് റോഡ് പരിസരത്തെ പയ്യപ്പിള്ളി ജോസഫ്, മങ്ങാടൻ അനീഷ്, അർജ്ജുൻ, ടെക്‌സൺ, രമേഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി.  
2018ലെ പ്രളയത്തിൽ ഈ ഭാഗത്ത് ഉരുൾപൊട്ടി വീട്ടമ്മ മരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ മായ ശിവദാസ്, കെ കെ റിജേഷ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ്,തഹസിൽദാർ ഇ എന് രാജു എന്നിവരും സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top