03 October Monday
അഴീക്കോടന്റെ രക്തസാക്ഷിത്വത്തിന് അമ്പതാണ്ട്

പതിനായിരങ്ങളുടെ 
സ്മരണാഞ്ജലി

സ്വന്തം ലേഖകൻUpdated: Saturday Sep 24, 2022

അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി തേക്കിൻകാട് മെെതാനത്ത് സംഘടിപ്പിച്ച 
അനുസ്മരണത്തിന് എത്തിയ ജനക്കൂട്ടം

തൃശൂർ
അഴീക്കോടൻ രാഘവൻ ഹൃദയരക്തംകൊണ്ട്‌ ചുവപ്പിച്ച തൃശൂരിൽ സിപിഐ എം ആഭിമുഖ്യത്തിൽ പതിനായിരങ്ങളുടെ സ്മരണാഞ്ജലി. അഴീക്കോടൻ രക്തസാക്ഷിത്വം വരിച്ചതിന്റെ 50–-ാം വാർഷികത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം, റെഡ്‌ വളണ്ടിയർമാർച്ച്‌, റാലി, പൊതുസമ്മേളനം എന്നിവയോടെയുള്ള ദിനാചരണം ജനമനസ്സിൽ അഴീക്കോടന് മരണമില്ലെന്ന ആവർത്തിച്ചുള്ള  പ്രഖ്യാപനമായി. 
  രക്തസാക്ഷിത്വ ദിനാചരണത്തിന് തുടക്കംകുറിച്ച് വെള്ളിയാഴ്‌ച രാവിലെ സിപിഐ എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് ചെമ്പതാക ഉയർത്തി. തുടർന്ന് നൂറുകണക്കിന് പാർടി പ്രവർത്തകർ പ്രകടനമായി അഴീക്കോടൻ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയിലെത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.  അനുസ്മരണ സമ്മേളനം എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ, എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി കെ  രവീന്ദ്രൻ, കെ യു സുരേഷ്‌ എന്നിവർ സംസാരിച്ചു.
പകൽ മൂന്നോടെ  തൃശൂരിനെ ചെമ്പട്ടണിയിച്ച റെഡ്‌ വളണ്ടിയർമാർച്ച്‌ ആരംഭിച്ചു. പാലസ്‌ മൈതാനിയിൽനിന്ന് ചിട്ടയോടെ ചുവടുവച്ച റെഡ് വളണ്ടിയർമാർച്ച്‌ പാലസ്‌റോഡുവഴി സ്വരാജ്‌റൗണ്ടിൽ കയറി, മണികണ്‌ഠനാൽ കവാടത്തിലൂടെ തേക്കിൻകാട്‌ മൈതാനിയിലേക്ക്‌ പ്രവേശിച്ചു. ഇതിനു പിന്നാലെ പതിനായിരങ്ങൾ റാലിയായി തേക്കിൻകാട്‌ മൈതാനിയിലെ വിദ്യാർഥി കോർണറിലേക്ക്‌ ഒഴുകിയെത്തി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ റെഡ് വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
തുടർന്നു ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം ബേബിജോൺ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്, പി കെ ഷാജൻ എന്നിവർ  സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്‌തീൻ, എൻ ആർ ബാലൻ, എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്‌, കെ വി അബ്ദുൾഖാദർ, പി കെ ഡേവിസ്‌, കെ കെ രാമചന്ദ്രൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, പി കെ ചന്ദ്രശേഖരൻ, ടി കെ വാസു,  കെ വി നഫീസ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top