21 August Wednesday

നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന ഉത്തരവ‌് കടലാസിൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019
മണലൂർ
നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന കലക്ടറുടെയും ഹൈക്കോടതിയുടെയും ഉത്തരവ‌്  ലഭിച്ചിട്ട് അഞ്ച് വർഷമായെങ്കിലും പാടം ഇപ്പോഴും   നികത്തിക്കൊണ്ടേയിരിക്കുന്നു. മണലൂർ  കാരമുക്ക് വില്ലേജിലെ വടക്കേത്തലയിൽ   ഒരു വ്യക്തിയുടെ കൈവശത്തിലുള്ള 25 സെന്റ് നിലമാണ്‌ നികത്തിയിരിക്കുന്നത്‌.ബിടിആർ പ്രകാരം നിലമായിക്കിടന്ന പാടം മണ്ണടിച്ച് നികത്തിയതിനെതിരെ 2015ൽ കർഷകത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ   പ്രക്ഷോഭം നടത്തിയതിനെത്തുടർന്ന് കാരമുക്ക് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും കലക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. 
തുടർന്ന് പാടം പൂർവസ്ഥിതിയിലാക്കണമെന്ന് കലക്ടർ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ  ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഒരേക്കറോളമുള്ള പാടം   ഡാറ്റാബാങ്കിൽ പുരയിടമാണെന്ന വാദമാണ് ഭൂവുടമ ഹൈക്കോടതിയിലുയർത്തിയത്. വാദം അംഗീകരിച്ച കോടതി പുരയിടമെന്ന് അടയാളപ്പെടുത്തിയ ഭൂമിയിൽ മാത്രം  കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതിനെ സ്റ്റേ ചെയ്തു. 
ബാക്കിയുള്ള 25 സെന്റ് പാടം പൂർവസ്ഥിയിലാക്കാമെന്ന ഹൈക്കോടതിയുടെ അംഗീകാരം നടപ്പാക്കുന്നതിനുവേണ്ടി കാരമുക്ക് വില്ലേജ് ഓഫീസറും മണലൂർ കൃഷിഭവനും നടത്തുന്ന ശ്രമം കഴിഞ്ഞ അഞ്ച് വർഷത്തിനുശേഷവും വിജയം കണ്ടില്ല. സർവേ അതിരിന്റെ അടയാളം വേർതിരിച്ചു നൽകണമെന്ന ഇവരുടെ നിരന്തരമായ ആവശ്യം നടപ്പാക്കാൻ താലൂക്ക് സർവേയർക്ക്  സമയമായിട്ടില്ലെന്നതാണ് കാരണം. 
പാടത്ത്  വാഴ വയ‌്ക്കുകയും വിളവെടുത്തശേഷം  അത് ഭൂമിയാക്കുകയും ചെയ്യുന്നു.  താലൂക്ക് സർവേയറുടെ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം നൽകുമെന്ന് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ മണലൂർ ഏരിയ ജോ. സെക്രട്ടറി ജനാർദനൻ മണ്ണുമ്മൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top