മാള
തണുത്ത വയൽകാറ്റ് ഏറ്റിരിക്കാൻ ഇരിപ്പിടങ്ങൾ, ബാല്യത്തിന്റെ മാധുര്യം ഓർമിപ്പിക്കുന്ന തരത്തിൽ കളിയൂഞ്ഞാലുകൾ, പച്ചപ്പ് നിറച്ച് മരങ്ങളും പൂച്ചെടികളും... പുത്തൻചിറ സാമൂഹികരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച വയോജന പാർക്കിലെ ദൃശ്യങ്ങൾ മനംകുളിർപ്പിക്കുന്നതാണ്. വയോജനങ്ങൾക്ക് സായാഹ്നങ്ങളിലും ഒഴിവുവേളകളിലും ഒത്തുകൂടാനും വിശ്രമിക്കാനും ഒരിടമെന്ന സ്വപ്നമാണ് യാഥാർഥ്യമായത്.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് 2021-–-22 സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽനിന്ന് (വയോജന വിഭാഗം) ആറുലക്ഷം രൂപയാണ് പാർക്ക് നിർമാണത്തിന് വകയിരുത്തിയത്. പുത്തൻചിറ സിഎച്ച്സിയിൽ വരുന്ന വയോജനങ്ങൾക്ക് വിശ്രമ കേന്ദ്രം ഒരുക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. പവിലിയൻ, ഊഞ്ഞാലുകൾ, പാർക്കിലേക്ക് ഇറങ്ങുന്നതിന് കൈവരിയോടുകൂടിയ റാമ്പ് പടവുകൾ എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെട്ടത്. വെയിൽ മായുന്ന സമയത്ത് പവിലിയനു പുറത്ത് ഇരിക്കുന്നതിന് ടൈൽ വിരിച്ച പടവുകളും ഊഞ്ഞാലുകളും ഉപയോഗിക്കാം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആർദ്രം മിഷൻ പദ്ധതി പ്രകാരം നടപ്പാക്കുന്ന വികസന പ്രവൃത്തികളുടെ നിർമാണോദ്ഘാടനം വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. കാഷ്വാലിറ്റിയുടെയും ലാബിന്റെയും സൗകര്യം വിപുലമാക്കുന്നതുൾപ്പെടെ 38 ലക്ഷം രൂപയുടെ വികസന പ്രവൃത്തികളാണ് ആശുപത്രിയിൽ നടക്കുക. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷയായി. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ബിഡിഒ ദിവ്യ കുഞ്ഞുണ്ണി, രമ രാഘവൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..