കുന്നംകുളം
ഗ്രാമീണ മേഖലയിലെ വികസനം ഉറപ്പുവരുത്തുമെന്ന് മന്ത്രി എ സി മൊയ്തീൻ. പഞ്ചായത്തുകളെ കൂട്ടിയോജിപ്പിച്ച് വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. റോഡ്, സ്കൂളുകൾ, ജലസ്രോതസ്സുകൾ എന്നിവയെ സംരക്ഷിക്കാൻ പരിശ്രമമുണ്ടാകും. ജനങ്ങളെ ഇത്തരം വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുമെന്നും മന്ത്രി പറഞ്ഞു.
കുന്നംകുളം മണ്ഡലത്തിൽ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നാലു റോഡുകളുടെയും നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഒരു റോഡിന്റെയും നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി എ സി മൊയ്തീൻ.
പോർക്കുളം പഞ്ചായത്തിലെ അകതിയൂർ സെന്ററിൽ പാറേമ്പാടം - അകതിയൂർ - കിടങ്ങൂർ - മരത്തംകോട് റോഡിന്റെ നിർമാണോദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാമകൃഷ്ണൻ അധ്യക്ഷനായി. 2 കോടി രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്.
ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന കടവല്ലൂർ പഞ്ചായത്തിലെ കോടത്തുംകുണ്ട് - കൊരട്ടിക്കര - ഒറ്റപ്പിലാവ് റോഡിന്റെ നിർമാണോദ്ഘാടനം കൊരട്ടിക്കര അമ്പല പരിസരത്തു നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ അധ്യക്ഷനായി. ബാബു എം പാലിശേരി മുഖ്യാതിഥിയായി.
കാട്ടകാമ്പാൽ പഞ്ചായത്തിലെ സ്രായിൽക്കടവ് റോഡിന്റെ നവീകരണ ഉദ്ഘാടനം കാട്ടകാമ്പാൽ വൈ എം സി എ ഹാളിൽ നടന്നു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് ഇ എസ് രേഷ്മ അധ്യക്ഷയായി.
ഒരു കോടി രൂപ ചെലവഴിച്ചുള്ള പന്തല്ലൂർ - പഴുന്നാന- മാന്തോപ്പ് റോഡിന്റെ നിർമാണോദ്ഘാടനം മാന്തോപ്പ് പരിസരത്ത് നടന്നു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി അധ്യക്ഷയായി.
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന നീണ്ടൂർ - വെള്ളത്തേരി- ആദൂർ റോഡിന്റെ നിർമാണോദ്ഘാടനം നീണ്ടൂർ സെന്ററിൽ നടന്നു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി പ്രമോദ്, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ എന്നിവർ പങ്കെടുത്തു.
വിവിധയിടങ്ങളിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭൻ, പത്മം വേണുഗോപാൽ, ജലീൽ ആദൂർ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..