വടക്കാഞ്ചേരി
മച്ചാടിനെ പ്രകമ്പനം കൊള്ളിച്ച് മാമാങ്ക ഭൂമിയിൽ കുതിരാരവം മുഴങ്ങി. പൊടിപടലങ്ങൾക്കിടയിലൂടെ ഓങ്കാരാരവങ്ങളുടെ അകമ്പടിയോടെ പൊയ്ക്കുതിരകൾ പാടശേഖരങ്ങൾ കടന്നെത്തിയത് വിസ്മയക്കാഴ്ചയൊരുക്കി.
പൂതനും തിറയും കുംഭക്കുടങ്ങളുമൊക്കെ ദൃശ്യവിരുന്നായി. ആചാര വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ മച്ചാട് മാമാങ്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ആഘോഷിച്ചത്. പനങ്ങാട്ടുകര കല്ലംപാറ, തെക്കുംകര, പുന്നംപറമ്പ് ദേശക്കാർ ഊഴമിട്ട് നടത്തുന്ന പൂരത്തിന്റെ നടത്തിപ്പുചുമതല ഇത്തവണ പനങ്ങാട്ടുകര കല്ലംപാറ ദേശത്തിനായിരുന്നു.
തെക്കുംകര വിരുപ്പാക്ക രണ്ട്, മണലിത്തറ മൂന്ന്, കരുമത്ര രണ്ട്, മംഗലംഒന്ന്, പാർളിക്കാട് ഒന്ന് എന്നിങ്ങനെയാണ് ദേശങ്ങൾ കുതിരകളെ എഴുന്നള്ളിച്ചത്.
രാവിലെ വിശേഷാൽ പൂജ, ഗണപതി ഹോമം എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചയോടെ തട്ടക ദേശക്കാരുടെ കുതിര വരവ്, മണലിത്തറ ദേശക്കാരുടെ കുംഭക്കുടം എന്നിവയോടെ വേല ആരംഭിച്ചു. തുടർന്ന് മേളകലാരത്നം കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ നടന്ന മേജർസെറ്റ് മേളം ക്ഷേത്രാങ്കണത്തിൽ വാദ്യഗോപുരം തീർത്തു.
വൈകിട്ട് കുതിരകളുടെ എഴുന്നള്ളിപ്പ് നടന്നു. പൂതനും തിറയും, മഠത്തിക്കുന്ന്, മങ്കര, മണലിത്തറ, പുന്നംപറമ്പ്, കരുമത്ര കോളനികളുടെ വേല കാവേറ്റവും നടന്നു. സന്ധ്യക്ക് നിറമാല, സമ്പൂർണ നെയ് വിളക്ക്, ദീപാരാധന എന്നിവയുമുണ്ടായി. തുടർന്ന് നാഗസ്വരവും ഒറ്റപ്പാലം ഹരി ആൻഡ് പനാവൂർ ശ്രീഹരി ടീമിന്റെ ഡബിൾ തായമ്പകയും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..