03 April Friday
വെട്ടിനിരത്താൻ തുടങ്ങി

ബിജെപി വിഭാഗീയത; ഓഫീസ് സെക്രട്ടറി തെറിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020
തൃശൂർ
ജില്ലയിൽ ബിജെപിക്ക് പുതിയ പ്രസിഡന്റ് വന്നതിന്‌ പിന്നാലെ, വിഭാഗീയത ശക്തമാകുന്നു. പത്തുവർഷമായി ജോലി ചെയ്യുന്ന ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ പുറത്താക്കി. ഒരുമാസം മുമ്പാണ് കുന്നംകുളത്തുനിന്നുള്ള നിലവിലെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന കെ കെ അനീഷ്‌കുമാർ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റത്. രവികുമാർ ഉപ്പത്ത്, ഷാജുമോൻ വട്ടേക്കാട് തുടങ്ങിയ മുതിർന്ന നേതാക്കളെയെല്ലാം മറികടന്നാണ് അനീഷ്‌കുമാറിനെ ജില്ലാ പ്രസിഡന്റായി അവരോധിച്ചത്. 
പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തതിന്‌ പിന്നാലെയാണ് പാർടിയിലും ഓഫീസിലും വെട്ടിനിരത്തൽ ആരംഭിച്ചത്. ആദ്യഘട്ടമായാണ് ഓഫീസ് സെക്രട്ടറി സുജിത്തിനെ പുറത്താക്കിയത്. അഡ്വ. ബി ഗോപാലകൃഷ്ണൻ, കെ നാഗേഷ് എന്നിവർ ജില്ലാ പ്രസിഡന്റുമാരും വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ ശ്രീധരൻപിള്ള എന്നിവർ സംസ്ഥാന പ്രസിഡന്റുമാരും ആയിരിക്കെ കഴിഞ്ഞ പത്തുവർഷമായി ഓഫീസ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ് സുജിത്. കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ സുജിത്തിനോട് മാർച്ച് ഒന്നുമുതൽ ഓഫീസിൽ വരേണ്ടതില്ലെന്ന് അനീഷ്‌കുമാർ പറഞ്ഞുവത്രേ.  കെ നാഗേഷിനോട് ചേർന്നു നിൽക്കുന്ന ആളെന്നതിനാലാണ് ഓഫീസ് സെക്രട്ടറിയായിരുന്ന സുജിത്തിനെ പുറത്താക്കിയതത്രേ. കഴിഞ്ഞ വർഷം അനീഷ്‌കുമാർ ജില്ലാ ജനറൽ സെക്രട്ടറിയായിരിക്കെ, തൊട്ടടുത്തിരുന്ന് ഓഫീസ് സെക്രട്ടറിയുടെ ചുമതല വഹിച്ചയാളാണ് സുജിത്. സംഘപരിവാറിന്റെ സജീവ പ്രവർത്തകനായിട്ടും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് പുറത്താക്കാനുള്ള തീരുമാനത്തിൽ മനംനൊന്ത് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സുജിത് ഓഫീസിൽനിന്ന് ഇറങ്ങിപ്പോയി. കംപ്യൂട്ടർ വിഭാഗത്തിൽ ഉണ്ടായിരുന്ന അതുലും സ്വയം ഒഴിഞ്ഞുപോയി. 
ജില്ലാ ഭാരവാഹികൾ മാറിവരുന്നതിന്റെ ഭാഗമായി പുതിയ സഹഭാരവാഹികളെ തെരഞ്ഞെടുക്കാറുണ്ടെങ്കിലും ഓഫീസ് സെക്രട്ടറിയെ മാറ്റുന്നത് ആദ്യമായാണെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top