27 February Thursday

പ്രാരാബ്ധങ്ങൾക്ക്‌ അവധി: സർക്കാരിന്‌ നന്ദി പറഞ്ഞ്‌ മേരിയും പാർവതിയും

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

തൃശൂർ

തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ലൈഫ്‌ കുടുംബസംഗമത്തിന്‌ പട്ടിക്കാട് മഞ്ഞക്കുന്നിൽ നിന്നുവന്ന മേരിക്കും പാർവതിക്കും പറയാൻ വാക്കുകളില്ല. എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്‌ ഇവരുടെ ജീവിതാഭിലാഷമാണ്. സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ വീട് എന്ന സ്വപ്നം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും സംഗമത്തിനെത്തിയത്. തങ്ങളെപ്പോലെ നൂറുകണക്കിനുപേരെ ഇവിടെ കണ്ടതോടെ ഇരുവർക്കും ആനന്ദം.
രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഭർത്താവ് ജോസിനെ ശുശ്രൂഷിക്കാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെയാണ് കുരുവിലങ്ങാട്ടിൽ മേരിക്ക് ലൈഫിൽ വീട് ലഭിക്കുന്നത്. രണ്ടു മക്കളുണ്ടെങ്കിലും ഇരുവർക്കും ചെറിയ ജോലിമാത്രമാണുള്ളത്. അച്ഛന്‌ മരുന്നുവാങ്ങാൻപോലും ബുദ്ധിമുട്ടുന്നതിനിടെയാണ് ഉറപ്പുള്ള വീട്‌ ലഭിച്ചത്. ചെറു പ്രായത്തിൽത്തന്നെ ഭർത്താവ് മരിച്ച പാർവതി ഒറ്റയ്‌ക്കാണ് രണ്ടു മക്കളേയും പഠിപ്പിച്ചത്. വാടകവീട്ടിലാണ് ഇത്രയുംനാൾ കഴിഞ്ഞത്. വീടെന്ന ചിരകാല സ്വപ്നം യാഥാർഥ്യമായതോടെ മറ്റു പ്രാരാബ്ധങ്ങളെല്ലാം മറവിയിലലിഞ്ഞു. 580 ചതുരശ്രയടിയുള്ള വീടാണ് പാർവതിക്കും മേരിക്കും ലഭിച്ചത്. മുമ്പൊന്നും കേട്ടുകേൾവിയില്ലാത്ത സർക്കാരിന്റെ ഈ ഇടപെടലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് നിറഞ്ഞ സന്തോഷത്തോടെ ഇരുവരും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top