29 February Saturday
പ്രചാരണ ജാഥകൾ സമാപിച്ചു

മഹാശൃംഖലയ്‌ക്ക്‌ നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി സംഘടിപ്പിച്ച വടക്കൻ മേഖല പ്രചാരണജാഥയുടെ സമാപന സമ്മേളനം കോർപറേഷൻ ഓഫീസിനു മുന്നിൽ മന്ത്രി എ സി മൊയ്‌തീൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ 

ജനിച്ചമണ്ണിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വേർതിരിവുകളില്ലെന്നും  രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കൂടുതൽ കരുത്ത് പകരാനുള്ള പ്രക്ഷോഭത്തിൽ ഒറ്റമനസ്സോടെ അണിനിരക്കണമെന്നുമുള്ള സന്ദേശം പകർന്ന് നാലുനാൾ ജില്ലയിൽ പ്രചാരണം നടത്തിയ എൽഡിഎഫ് ജാഥകൾക്ക് സമാപനം. 
പൗരത്വ ഭേദഗതി നിമയത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി   26ന് തീർക്കുന്ന മനുഷ്യമഹാശൃംഖലയിൽ നാടിന്റെ ഒരുമയോടെയുള്ള പിന്തുണ ഉറപ്പിക്കുന്നതായിരുന്നു രണ്ടു ജാഥകൾക്കും ലഭിച്ച ആവേശോജ്വല സ്വീകരണങ്ങൾ. 
കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വരജിസ്റ്ററിനും ജനസംഖ്യാ രജിസ്റ്ററിനുമെതിരെ സമരൈക്യമായി മാറി സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് നയിച്ച വടക്കൻ ജാഥയും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് നയിച്ച തെക്കൻ ജാഥയും. നവോത്ഥാന സമരങ്ങളുടെയും കർഷക–- കർഷകത്തൊഴിലാളി, ട്രേഡ്‌യൂണിയൻ പോരാട്ടങ്ങളുടെയും വീരേതിഹാസം രചിച്ച മണ്ണിലൂടെ മുന്നേറിയ ഇരുജാഥകളിലും   ഉയർന്നുവന്നത് രാജ്യത്തിന്റെ വാതിലുകൾ ഒരാൾക്കുമുന്നിലും കൊട്ടിയടയ്ക്കരുതെന്ന മഹാസന്ദേശമാണ്. 
ഇതിഹാസോജ്വല പോരാട്ടങ്ങൾക്ക് ഊർജമേകിയ നാട്ടികയുടെയും അന്തിക്കാടിന്റെയും, ക്ഷേത്രപ്രവേശനസമരത്തിൽ ഇതിഹാസം തീർത്ത ഗുരുവായൂരിന്റെയും, രാജ്യത്തെ ആദ്യ മസ്ജിദ് ഉയർന്നുവന്ന കൊടുങ്ങല്ലൂരിന്റെയും, പാലയൂരിന്റെയും മണ്ണിലൂടെ ജാഥകൾ മുന്നേറിയപ്പോഴും ഉയർന്നുകേട്ടത് ജാതി–- മത വേർതിരിവില്ലാതെ ഒറ്റമനസ്സുള്ള രാജ്യത്തിനായുള്ള ഐക്യത്തിന്റെ കാഹളമാണ്. ഈ ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കുന്ന മനുഷ്യമഹാശൃംഖലയിൽ അതിർവരമ്പുകളില്ലാതെ അണിനിരക്കാൻ നാടാകെ തയ്യാറെടുത്തുകഴിഞ്ഞു.
വടക്കൻ മേഖലാ ജാഥ രാവിലെ പട്ടിക്കാടുനിന്ന് ആരംഭിച്ചു. കെ എ മൊയ്തീൻ അധ്യക്ഷനായി. മാത്യു നൈനാൻ സ്വാഗതം പറഞ്ഞു. മണ്ണുത്തി മഹാത്മ സ്ക്വയറിൽ കെ വി സുകുമാരൻ, ഫ്രാൻസിസ് താടിക്കാരൻ, ഒല്ലൂരിൽ എ കെ ബിജു, കെ വി ബിജു,  വടൂക്കരയിൽ കൗൺസിലർ പി സി ജ്യോതിലക്ഷ്മി, എം ടി ജോസ്, കാളത്തോട് പുളിപ്പറമ്പിൽ ചന്ദ്രമോഹൻ, പി വി ഗിരീഷ് എന്നിവർ യഥാക്രമം അധ്യക്ഷപ്രസംഗവും സ്വാഗതപ്രസംഗവും നിർവഹിച്ചു. വടൂക്കരയിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സംസാരിച്ചു. കോർപറേഷൻ ഓഫീസിനുമുന്നിൽ സമാപന പൊതുസമ്മേളനം  മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ ബി സുമേഷ് അധ്യക്ഷനായി. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. 
വടക്കൻ ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനെ കൂടാതെ, വൈസ് ക്യാപ്റ്റൻ എ വി വല്ലഭൻ, മാനേജർ പി ടി അഷറഫ്, ജാഥാംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, പി ബാലചന്ദ്രൻ, സി ആർ വത്സൻ, ബഫീക് ബക്കർ, ഷൈജു ബഷീർ, അജി ഫ്രാൻസിസ്, ജോൺ കാഞ്ഞിരത്തിങ്കൽ, ജയിംസ് മുട്ടിക്കൽ എന്നിവർ സംസാരിച്ചു.
തെക്കൻ മേഖലാ ജാഥ രാവിലെ കോടന്നൂരിൽനിന്ന് പര്യടനമാരംഭിച്ചു. സെബി ജോസഫ് അധ്യക്ഷനായി. കെ കെ ജോബി സ്വാഗതം പറഞ്ഞു. ചേർപ്പിൽ പി വി സദാനന്ദൻ, കെ കെ അനിൽ, കാട്ടൂരിൽ ടി കെ രമേഷ്, എൻ വി പവിത്രൻ, ആളൂർ കൊമ്പൊടിഞ്ഞാമാക്കൽ എം എസ് മൊയ്തീൻ, പി ജെ ബിന്നി എന്നിവർ യഥാക്രമം അധ്യക്ഷപ്രസംഗവും സ്വാഗതപ്രസംഗവും നിർവഹിച്ചു. 
ഇരിങ്ങാലക്കുട ടൗണിൽ ചേർന്ന സമാപന പൊതുസമ്മേളനം സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി മണി അധ്യക്ഷനായി. കെ സി പ്രേമരാജൻ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, പ്രൊഫ. കെ യു അരുണൻ എംഎൽഎ എന്നിവർ സന്നിഹിതരായി.
തെക്കൻ ജാഥാ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനെ കൂടാതെ, വൈസ് ക്യാപ്റ്റൻ യൂജിൻ മോറേലി, മാനേജർ കെ വി അബ്ദുൾഖാദർ എംഎൽഎ, ജാഥാംഗങ്ങളായ പി കെ ഡേവിസ്, കെ ജി ശിവാനന്ദൻ, ടി കെ ഉണ്ണികൃഷ്ണൻ, പോൾ എം ചാക്കോ, മുഹമ്മദ് ചാമക്കാല, കെ കെ സുബ്രഹ്മണ്യൻ, ഐ എ റപ്പായി, പി എൻ ശങ്കർ, ഗോപി താച്ചാട്ട് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top