30 November Monday

വിമത ശല്യം; കടങ്ങോട് പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
സ്വന്തം ലേഖകന്‍
വെള്ളറക്കാട്
സ്ഥാനാർഥിനിർണയത്തിൽ വ്യാപക പ്രതിഷേധത്തെത്തുടർന്ന്‌ കടങ്ങോട് പഞ്ചായത്തിൽ യുഡിഎഫ്‌ തകർച്ചയിൽ. അർഹതപ്പെട്ട സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മുസ്ലിം ലീഗ്‌ യുഡിഎഫ് വിട്ട് ഏഴിടത്ത് ഒറ്റയ്‌ക്ക് മത്സരിക്കും . ലീഗ് ജില്ലാ സെക്രട്ടറി വി എ അബ്ദുൾ ഗഫൂർ രണ്ടാം വാർഡിലും കുന്നംകുളം മണ്ഡലം സെക്രട്ടറി മനാഫ് ആദൂർ വാർഡിലും മത്സരിക്കും.
പന്നിത്തടം ബ്ലോക്ക് ഡിവിഷനും കടങ്ങോട് രണ്ടാം വാർഡും പേയ്മെന്റ് സീറ്റാക്കിയതിൽ കോൺഗ്രസിൽ വ്യാപക പ്രതിഷേധമാണുയർന്നിട്ടുള്ളത്‌. 2010ൽ രണ്ടാം വാർഡിൽനിന്നും വിജയിക്കുകയും കച്ചവട താൽപ്പര്യത്തിന്റെ പേരിൽ രാജിവയ്‌ക്കുകയും ചെയ്ത, പാർടി ഭാരവാഹിത്വങ്ങളില്ലാത്ത ക്വാറി മുതലാളിയാണ് പന്നിത്തടം ബ്ലോക്ക് ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി. നേരത്തേ പ്രഖ്യാപിച്ച സജീവ്  ചാത്തനാത്തിനെ വെട്ടിയാണ് പി കെ സെലി എന്നയാളെ സ്ഥാനാർഥിയാക്കിയത്.
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി കെ സുലൈമാനെയും പഞ്ചായത്തംഗവും ബ്ലോക്ക് ഭാരവാഹിയുമായ പി വി പ്രസാദിനെയും ഒഴിവാക്കിയാണ് രണ്ടാം വാർഡിൽ മറ്റൊരു ക്വാറി മുതലാളിയായ പി വി കൃഷ്ണനെ പുറത്തുനിന്ന് കൊണ്ടുവന്ന് മത്സരിപ്പിക്കുന്നത്. ഈ പേയ്‌മെന്റ് സീറ്റിനെതിരേയും വലിയ അമർഷമാണ് കോൺഗ്രസിലുള്ളത്. നാലാം വാർഡിൽ ബ്ലോക്ക് സെക്രട്ടറി സി വി മുത്തുവിനെ അവസാന നിമിഷം ഒഴിവാക്കി മറ്റൊരാളെ സ്ഥാനാർഥിയാക്കി. സി വി മുത്തുവിന്റെ മകൻ സജീർ വിമതനായി നാലാം വാർഡിൽ രംഗത്തുണ്ട്.
എയ്യാൽ അമ്പലം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനാർഥിയാണന്ന് നേരത്തേ പ്രഖ്യാപിച്ച മഹിള കോൺഗ്രസ് ജില്ലാ നേതാവ് വനജ ഭാസ്‌കരനെ ഒഴിവാക്കി മറ്റൊരാളെ സ്ഥാനാർഥിയാക്കി. കോൺഗ്രസിനെ തോൽപ്പിക്കാൻ പരസ്യമായി ഇറങ്ങുമെന്നും പാർടി സ്ഥാനങ്ങൾ രാജിവയ്‌ക്കുമെന്നും ഭീഷണി മുഴക്കിയപ്പോൾ ഇവരെ വെള്ളറക്കാട് ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥിയാക്കി. നേരത്തേ ഡിസിസി  പ്രഖ്യാപിച്ച സ്വപ്ന രാമചന്ദ്രൻ വേലൂരിൽ വിമതയാവുകയും ചെയ്തു.
 മണ്ടംപറമ്പ് ആറാം വാർഡിൽ മഹിള കോൺഗസ്‌ നേതാവ് ഷീജ വേണുഗോപാലിനും ബ്ലോക്ക് വൈസ്‌ പ്രസിഡന്റ്‌ മുരളി പൂവത്തിങ്കലിന്റെ ഭാര്യക്കും സീറ്റ് നിക്ഷേധിച്ചു. ഇരുവരും പാർടി വിടാനൊരുങ്ങുകയാണ്.
കാലങ്ങളായി യുഡിഎഫിന്റെ ഭാഗമായിരുന്ന മുസ്ലിം ലീഗിനെ ചവിട്ടിപ്പുറത്താക്കിയതും പേയ്മെന്റ്  സീറ്റുകൾ വഴി ലക്ഷങ്ങൾ വാങ്ങി ക്വാറി മുതലാളിമാർക്ക് കോൺഗ്രസിനെ പണയം വെച്ചതിനും പിന്നിൽ ഡിസിസി സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷൻ സ്ഥാനാർഥിയുമായ വി കെ  രഘുവിനെതിരെ വലിയ അമർഷവും പ്രതിഷേധവുമാണ്. ഇതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top