28 November Sunday

കുട്ടികളെ വരവേൽക്കാൻ സ്വാഗതഗാനമായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തൃശൂർ
"പൊതുവിദ്യാലയമുണരുന്നു, പൊൻപ്രഭ വാനിൽ പടരുന്നു...’ നവംബറിൽ സ്‌കൂൾ തുറക്കുമ്പോൾ, അവരെ വരവേൽക്കാൻ പാട്ടുകൾ ഒരുക്കുകയാണ് ഒരുകൂട്ടം അധ്യാപകർ. ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലയിൽനിന്നുള്ള മുപ്പതോളം സംഗീതാധ്യാപകരാണ്  പാടുന്നത്. 
ഒന്നര വർഷത്തിലധികം അടച്ചിട്ട സ്കൂളുകൾ  വീണ്ടും തുറക്കുമ്പോൾ, കുട്ടികളെ വരവേൽക്കാനുള്ള പാട്ടുകൾ എഴുതിയത് തളിക്കുളം സൗത്ത് ജിഎം എൽപി സ്കൂളിലെ അധ്യാപിക  കെ കെ തുളസി യാണ്. സംഗീതം  സുന്ദരൻ പുന്നയൂർക്കുളവും.  
2015ൽ സംസ്ഥാനതല പ്രവേശനോത്സവഗാനമായി തെരഞ്ഞെടുത്തതും തുളസി  എഴുതിയ ഗാനമാണ്. "പുതിയൊരു പുലരി പിറന്നു, പുഞ്ചിരി പൂക്കൾ വിടർന്നു...’എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം പകർന്നത്   ഡോ. മണക്കാല ഗോപാലകൃഷ്ണനാണ്.
 വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്ന സുന്ദരൻ, കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് വിരമിച്ചത്.
തൃശൂർ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, ഡയറ്റ് ഫാക്കൽറ്റി സനോജ്, സ്കൂൾ പ്രിൻസിപ്പൽ എ ഡി ഫ്രാൻസിസ്, പ്രധാനാധ്യാപകൻ സജി സാമുവൽ എന്നിവർ സംസാരിച്ചു. 
നവംബർ ഒന്നിന് അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലെ  പ്രവേശനോത്സവ പരിപാടിയിൽ അധ്യാപകർ പാട്ടുകൾ അവതരിപ്പിക്കും. 
തിരികെ, അതിജീവനത്തിന്റെ ഉത്സവം എന്നാണ് പ്രവേശനോത്സവത്തിന് പേരിട്ടിരിക്കുന്നത്.   അനുബന്ധമായി മറ്റു സാംസ്‌കാരിക പരിപാടികളും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top