21 November Thursday
കാന്‍ തൃശൂര്‍

27,259പേര്‍ക്ക് തുടര്‍ പരിശോധന; മെഡിക്കല്‍ ക്യാമ്പ്‌ ഉദ്ഘാടനം 27ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019
തൃശൂർ
ജില്ലയിലെ ക്യാൻസർ ബാധിതരെ കണ്ടെത്തി സൗജന്യ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ‘കാൻ തൃശൂർ' പദ്ധതി ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്‌ച വരന്തരപ്പിള്ളി പഞ്ചായത്തിലെ പള്ളിക്കുന്ന് ലോർഡ്സ് അക്കാദമിയിൽ നടത്തും. രാവിലെ ഒമ്പതിന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 
സർവേയുടെ ഭാഗമായി ഇതുവരെ 7.13 ലക്ഷംവീടുകൾ സന്ദർശിച്ച് 27.40 ലക്ഷംപേരെ നേരിൽ കണ്ടു.  9247 പുരുഷന്മാർ, 17,530 സ്ത്രീകൾ, 252 ആൺകുട്ടികൾ, 230 പെൺകുട്ടികൾ എന്നിങ്ങനെ 27,259പേർക്ക് തുടർ പരിശോധന ആവശ്യമായതായി കണ്ടെത്തിയെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. വി കെ മിനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സർവേയിൽ പങ്കെടുത്തവരിൽ ചിലർ നേരിട്ട് ലാബുകളിൽ നടത്തിയ പരിശോധനയിൽ ക്യാൻസർ സ്ഥിരീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ക്യാൻസർ പരിശോധന തുടർന്നും നടത്തും. രോഗം സ്ഥിരീകരിച്ചവർക്ക് തുടർ പരിശോധനയും ചികിത്സയും സൗജന്യമായി നൽകും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സർവേ നടത്തിയത്. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയകുമാർ, ടി പി ചന്ദ്രൻ, ടി എ ഹരിത ദേവി, പി കെ രാജു എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top