18 October Monday
27ന്റെ കർഷക ഹർത്താൽ

പിന്തുണയുമായി ട്രേഡ്‌ യൂണിയനുകളും 
ജനാധിപത്യ പ്രസ്ഥാനങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
 
തൃശൂർ
ദേശീയ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ ബന്ദ്‌ കേരളത്തിൽ ഹർത്താലായി നടത്തുമെന്ന്‌ സംയുക്ത കർഷക സമിതി ചെയർമാൻ കെ വി വസന്തകുമാർ, കൺവീനർ പി കെ ഡേവിസ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ അന്നമൂട്ടുന്ന കർഷകരുടെ നിലനിൽപ്പിനായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഹർത്താൽ രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌. 
ബിജെപി സർക്കാർ പാർലമെന്റിൽ ജനാധിപത്യ വിരുദ്ധമായി പാസാക്കിയ മൂന്ന്‌ കർഷക വിരുദ്ധ നിയമവും പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ പത്തുമാസത്തിലേറെയായി നടത്തുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ അഖിലേന്ത്യാ ബന്ദ്‌. 12 കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഹർത്താലിന്‌ ജനാധിപത്യ പ്രസ്ഥാനങ്ങളും ട്രേഡ്‌ യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. 
ഹർത്താൽ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട്‌ നാലുമുതൽ ആറുവരെ എല്ലാ വില്ലേജ്‌ കേന്ദ്രത്തിലും കിസാൻ പഞ്ചായത്തുകൾ സംഘടിപ്പിക്കും. ഞായറാഴ്‌ച പ്രാദേശികമായി വിളംബര സന്ദേശമായുള്ള പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തും. 
ഹർത്താൽ ദിനത്തിൽ രാവിലെ 9.30ന്‌ വില്ലേജ്‌ കേന്ദ്രങ്ങളിൽ മുഴുവൻ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്തും.
 ജില്ലാ കേന്ദ്രമായ കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ രാവിലെ പത്തിന്‌ പൊതുയോഗം ചേരും. കോവിഡ്‌ മാനദണ്ഡം പാലിച്ചാവും മുഴുവൻ സമരപരിപാടികളും നടത്തുക. വിൻസെന്റ്‌ പുത്തൂർ, ഗോവിന്ദൻകുട്ടി ഉണിക്കോത്ത്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top