16 October Saturday

തൃശൂർ റെയിൽവേ സ്‌റ്റേഷനും 
കുത്തകകൾക്ക്‌; യാത്രക്കാരെ പിഴിയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
സ്വന്തം ലേഖകൻ
തൃശൂർ
കേന്ദ്രസർക്കാരിന്റെ റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്‌റ്റേഷനും കുത്തകകൾക്ക്‌ കൈമാറുന്നു. വൻകിട കുത്തകക്കമ്പനികൾക്ക്‌ റെയിൽവേസ്‌റ്റേഷന്റെ ഓരോ ഭാഗങ്ങളായി  കൊള്ള ലാഭത്തിന്‌ വിട്ടുകൊടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്‌. ഇത്‌ നടപ്പാകുന്നതോടെ, സാധാരണക്കാർ ഇന്നേവരെ അനുഭവിച്ചുപോന്ന മുഴുവൻ ആനുകൂല്യങ്ങളും ഇല്ലാതാകും. 
രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ്‌ കേരളത്തിലെ തൃശൂർ, ചെങ്ങന്നൂർ സ്‌റ്റേഷനുകളും അതിനോട്‌ ചേർന്ന റെയിൽവേയുടെ ഭൂമികളും മറ്റും കൈമാറാൻ നീക്കം നടക്കുന്നത്‌. 
നേരത്തേ കോഴിക്കോട്‌, എറണാകുളം സ്‌റ്റേഷനുകൾ കൈമാറാനുള്ള നീക്കം സംയുക്ത ട്രേഡ് യൂണിയൻ സമിതിയും പൊതുജനങ്ങളും ഒന്നുചേർന്ന് പ്രതിരോധം തീർത്തതിനാൽ ഇതുവരെ നടപ്പാക്കാനായിട്ടില്ല.
പുതിയ സംവിധാനം നടപ്പാകുന്നതോടെ റെയിൽവേ സ്റ്റേഷനിൽ ഇതുവരെ യാത്രക്കാർക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്ന സേവനങ്ങൾക്കെല്ലാം പുതിയ നടത്തിപ്പുകാർ നിശ്ചയിക്കുന്ന തുക നൽകേണ്ടി വരും. മാത്രമല്ല, പ്ലാറ്റ്‌ഫോം ടിക്കറ്റ് ചാർജും പലമടങ്ങ്‌ വർധിക്കും. റെയിൽവേ ഭൂമിയിൽ വ്യാപാര സമുച്ചയങ്ങൾ ഉയർത്താൻ കുത്തകകൾക്ക്‌ അവകാശം ലഭിക്കും. 
ഭാവിയിൽ യാത്രക്കാരുടെ സൗകര്യ വർധനയ്‌ക്കോ റെയിൽവേ വികസനത്തിന്‌ തന്നെയോ ഭൂമി ലഭ്യമല്ലാത്ത അവസ്ഥയും വരും. സ്വകാര്യ സംരംഭകർക്ക്‌ റെയിൽവേ ഭൂമിയുടെപേരിൽ ബാങ്ക് വായ്പ എടുക്കാൻ അവകാശം ഉണ്ടാകും. റെയിൽവേ ക്വാർട്ടേഴ്‌സ് നിൽക്കുന്ന സ്ഥലത്ത്‌ പുതിയ പാർപ്പിട സമുച്ചയങ്ങൾ നിർമിക്കപ്പെടുകയോ ഷോപ്പിങ്‌  മാളുകൾ നിർമിക്കുകയോ ചെയ്യാം. ഈ  സംവിധാനങ്ങൾ നടപ്പാകുന്നതോടെ, സാധാരണ യാത്രക്കാർക്ക്‌ കയറാനാകാത്ത ഇടമായി റെയിൽവേ സ്‌റ്റേഷൻ മാറും. 
ജീവനക്കാർക്കും മറ്റർഹർക്കുമുള്ള സൗജന്യ നിരക്കുകൾ ഉണ്ടാകില്ല. 
അംഗവൈകല്യമുള്ളവരും രോഗികളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക്‌ സൗജന്യ നിരക്കിൽ യാത്രയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്ന റെയിൽവേയുടെ അർപ്പിതമായ കടമയാണ്‌ സ്വകാര്യ–- കുത്തകവൽക്കരണം നടപ്പാകുന്നതോടെ ഇല്ലാതാകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top