20 September Friday

പണയസ്വർണം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കവർച്ച

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
സ്വന്തം ലേഖകൻ
ചേർപ്പ്
പണയംവച്ച സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കോഴിക്കോട് സ്വദേശിയെ ആക്രമിച്ച്  മൂന്നുലക്ഷം രൂപ കവർന്നു. കോഴിക്കോട് റെയിൽവേസ്റ്റേഷന് സമീപമുള്ള ചെറുകുളം ജ്വല്ലറിയിലെ ജീവനക്കാരനായ പുല്ലാളൂർ തട്ടുപുറത്ത് ശ്രീജിത്തി(47)നെയാണ് ഗുണ്ടാസംഘം ആക്രമിച്ച് പണം കവർന്നത്. 
വ്യാഴാഴ്ച പകൽ പന്ത്രണ്ടോടെ ആലപ്പാട് കുണ്ടോളിക്കടവിലാണ് സംഭവം. പണയംവച്ച സ്വർണം എടുത്ത് നൽകുമെന്ന  പത്രപരസ്യം കണ്ടാണ് അക്രമികൾ ശ്രീജിത്തിനെ വിളിച്ചു വരുത്തിയത്. ആലപ്പാട് കുണ്ടോളിക്കടവിലുള്ള  പണ്ടം പണയം സ്ഥാപനത്തിൽ പണയംവച്ച 15 പവൻ സ്വർണം തിരിച്ചെടുക്കാനുണ്ടെന്നാണ് പറഞ്ഞത്. 
കോഴിക്കോട്ടുനിന്ന് ട്രെയിനിൽ തൃശൂരിലെത്തിയ ശ്രീജിത്തിനോട് ചേർപ്പ് റൂട്ടിൽ പാലയ്ക്കലിൽ ബസിറങ്ങാനും അവിടെനിന്നും പണയസ്ഥാപനത്തിലേക്ക്‌ കാറിൽ പോകാമെന്നും സംഘം നിർബന്ധിച്ചെങ്കിലും പാലയ്ക്കലിൽ  ഇറങ്ങില്ലെന്നും സ്ഥാപനം സ്ഥിതി ചെയ്യുന്നിടത്ത് എത്താമെന്നും ശ്രീജിത്ത് അറിയിക്കുകയായിരുന്നു. 
അതു പ്രകാരം കുണ്ടോളിക്കടവിലെ സ്ഥാപനത്തിനടുത്തെത്തി പണയമെടുക്കാനുള്ളവരെ കാത്തുനിന്നിരുന്ന ശ്രീജിത്തിനെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ച് അരയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കവർന്നെടുത്ത് കടന്നു കളയുകയായിരുന്നു. ഗുണ്ടാസംഘത്തിലെ ഒരാൾ ആദ്യം കാറിൽ നിന്നിറങ്ങി ശ്രീജിത്തിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ ശ്രീജിത്ത് കുതറിമാറി രക്ഷതേടി പണയസ്ഥാപനത്തിലേക്ക് ഓടിക്കയറി. 
സ്ഥാപനത്തിന്റെ ഉടമയായ സ്ത്രീ മാത്രമാണ് അവിടെയുണ്ടായിരുന്നത്. പിറകെ കാറിലുണ്ടായിരുന്ന മൂന്നുപേർകൂടി കത്തിയുമായി ആക്രമിക്കാനെത്തി.  സ്ഥാപനത്തിനുള്ളിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ശ്രീജിത്തിനെ സ്ഥാപനത്തിനു മുന്നിലെ  റോഡിൽ നാലുപേരും ചേർന്ന് പിടിച്ചുവച്ച് അരയിൽനിന്നും പണം തട്ടിയെടുത്തു. ഗുണ്ടകളിൽനിന്നും രക്ഷപ്പെട്ട ശ്രീജിത്ത് ഓടി  അടുത്തുള്ള വീട്ടിൽ അഭയം തേടി. 
ശ്രീജിത്തിന്റെ പിറകെ അൽപ്പദൂരം ഓടിയ ഗുണ്ടാസംഘം തിരികെ വന്ന് കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. അതിവേഗത്തിൽ ചാരനിറത്തിലുള്ള ഹ്യുണ്ടായി ഐ ടെൻ കാർ ഇതുവഴി പാഞ്ഞു പോയതായി നാട്ടുകാർ പറഞ്ഞു. 
ഇരിങ്ങാലക്കുട ഡിവൈഎസ്‌പി  ഫേമസ് വർ‌ഗീസ്, അന്തിക്കാട് സിഐ പി കെ മനോജ്, എസ്ഐ കെ ജെ ജിമേഷ്, ചേർപ്പ് എസ്ഐ എസ് ആർ സനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ചയ്ക്കു പിറകിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 
ഒരു വർഷം മുമ്പ്‌  പള്ളിപ്പുറം പാടത്തുവച്ചും ചാവക്കാട്ടുവച്ചും കായ്‌ക്കുരു രാഗേഷും സംഘവും സമാനരീതിയിൽ  കവർച്ച നടത്തിയിരുന്നു.
പ്രധാന വാർത്തകൾ
 Top