25 May Monday
ആഴം തുരന്ന്‌ പെൺകരുത്ത്‌

കിണറുകൾ നിർമിച്ച് കുടുംബശ്രീ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

പാർളിക്കാട് അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ കിണർ നിർമാണത്തിൽ

വടക്കാഞ്ചേരി

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കിണറുകൾ തീർത്ത് കുടുംബശ്രീ കൂട്ടായ്മ. വളയിട്ട കൈകളാൽ വടക്കാഞ്ചേരി നഗരസഭയിലെ വിവിധയിടങ്ങളിൽ തീർത്തത് നാല്‌ കിണർ. കിണർ കുഴിക്കുന്നതും ചെളി നീക്കുന്നതുമൊക്കെ വനിതകൾ. പുരുഷൻമാരെ വെല്ലുന്ന മെയ്‌‌വഴക്കത്തോടെയാണ് ഇവർ ആഴമുള്ള കിണറുകൾ നിർമിക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ മുപ്പതോളം വനിതകളാണ് അതിജീവന പോരാട്ടത്തിൽ പങ്കാളികളായത്. അടച്ചുപൂട്ടൽ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ആറുപേരടങ്ങുന്ന സംഘം മാറിമാറിയാണ് തൊഴിൽ ചെയ്യുന്നത്. പാർളിക്കാട് പത്താംകല്ല്, പട്ടിച്ചിറക്കാവ് പ്രദേശങ്ങളിൽ ഇവർ നിർമിച്ച കിണറുകളെല്ലാം ജലസമൃദ്ധിയിലായതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും തൊഴിലാളികളും. പാർളിക്കാട് താഴത്തേതിൽ വീട്ടിലാണ് ഇപ്പോൾ കിണർ കുഴിക്കുന്നത്. ഏഴു കോൽ താഴ്ചയിൽ വെള്ളവും കണ്ടതോടെ അടുത്ത ജോലി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വനിതകൾ. ഇനി മൂന്നു കിണർ കൂടി നിർമിക്കാൻ ഒരുങ്ങുകയാണ് വനിതാ കൂട്ടായ്മ. 
തൊഴിലാളികളുടെ ആത്മാർഥത നിറഞ്ഞ പ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്ന് തൊഴിലുറപ്പ് മേറ്റ് ഷൈനി നിക്സൺ പറയുന്നു. മുമ്പ്‌ പുരുഷന്മാർ മാത്രം ചെയ്തിരുന്ന ഇത്തരം ജോലികൾ വനിതകൾ ഏറ്റെടുത്തുതുടങ്ങിയത് വലിയൊരു മാറ്റത്തിനു തുടക്കമാണെന്ന് നാട്ടുകാർ പറയുന്നു.
പ്രധാന വാർത്തകൾ
 Top