06 December Sunday
കോവിഡ്‌ -മരണം

ഖദീജക്കുട്ടിയുടെ കബറടക്കം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

ചാവക്കാട്

കോവിഡ് ബാധിച്ച് മരിച്ച ചാവക്കാട് കടപ്പുറം സ്വദേശിയുടെ മൃതദേഹം കബറടക്കി. അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടി (73) ആണ് ബുധനാഴ്ച  മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു കബറടക്കം‌. ചാവക്കാട് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലാണ് സംസ്കരിച്ചത്. ബന്ധുക്കളെ ആരെയും പ്രവേശിക്കാൻ അനുവദിച്ചില്ല. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു.
മുംബൈയിൽ മക്കൾക്കൊപ്പമായിരുന്ന ഇവർ നോർക്കയിലൂടെ പാസ് നേടി ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. പാലക്കാട് വഴി കാറിൽ മറ്റ്‌ മൂന്ന് ബന്ധുക്കൾക്കൊപ്പമാണ് പെരിന്തൽമണ്ണവരെ എത്തിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ചാവക്കാട്ടുനിന്ന് മകൻ ആംബുലൻസുമായി പെരിന്തൽമണ്ണയിലെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സ്ഥിതി ഗുരുതരമായപ്പോൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. മകനും ആംബുലൻസിന്റെ ഡ്രൈവറുമടക്കം അഞ്ചുപേർ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഖദീജക്കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് ഉടൻ തയ്യാറാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top