27 May Wednesday

കരുതലിന്‌ നാടാകെ ഒഴിഞ്ഞുനിന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ഒരുമയുടെ മൂകസാക്ഷി ജനത കർ-ഫ്യൂ-വി-നെത്തുടർ-ന്ന്- വി-ജനമാ-യ തൃശൂർ റൗണ്ടും തേക്കിൻകാ-ട്-- മൈതാ-നവു-ം

തൃശൂർ
ലോകമാകെ പടർന്ന കോവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ–-സന്നദ്ധ പ്രവർത്തകർക്ക് പിന്തുണയർപ്പിച്ച് ഞായറാഴ്ച സംഘടിപ്പിച്ച ജനതാ കർഫ്യൂവിൽ സംസ്ഥാന സർക്കാരിന്റെ കൂടി പിന്തുണയിൽ ജനങ്ങൾ സഹകരിച്ചതോടെ സമ്പൂർണ വിജയം. രാജ്യത്തെ ജനജീവിതവും സമ്പദ്മേഖലയുമടക്കം തകർച്ചയിലാക്കുന്ന മഹാമാരിക്കെതിരെ ജാതി–- മത–- രാഷ്ട്രീയ ഭേദമെന്യേ ഒറ്റ മനസ്സോടെയാണ് ജനം പങ്കാളിയായത്. 
രാവിലെ ഏഴിന്‌ ആരംഭിച്ച കർഫ്യൂ രാത്രി ഒമ്പത്‌ കഴിഞ്ഞും തുടർന്നു. ശനിയാഴ്ച രാത്രിതന്നെ വാഹനഗതാഗതം നിർത്തുകയും കടകമ്പോളങ്ങൾ അടയ്ക്കുകയും ചെയ്തു. കർഫ്യൂ ദിനത്തിൽ ജില്ല അക്ഷരാർഥത്തിൽ നിശ്ചലമായി. ഹർത്താൽ, ബന്ദ്, പണിമുടക്ക് തുടങ്ങിയ ദിനങ്ങളിൽ ജില്ല നിശ്ചലമാകാറുണ്ടെങ്കിലും അതിനെയെല്ലാം കവച്ചുവയ്ക്കുന്നതരത്തിലാണ് കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച കർഫ്യൂവിനെ ജനം ഏറ്റെടുത്തത്. ജില്ലയിൽ ഇന്നേവരെ കാണാനാകാത്ത അപൂർവ കാഴ്ചയാണ് ഗ്രാമ–- നഗരങ്ങളിൽ ദർശിക്കാനായത്. 
തിങ്ങിനിറഞ്ഞിരുന്ന നഗരങ്ങൾ, ഗ്രാമങ്ങൾ, ചന്തകൾ, ബസ് സ്റ്റാൻഡുകൾ, കളിക്കളങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ, പൊതുയിടങ്ങൾ തുടങ്ങിയവയെല്ലാം ശൂന്യമായി. തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ട് ഉൾപ്പെടെ റോഡുകളെല്ലാം ഒഴിഞ്ഞുകിടന്നു. കടകളൊന്നും തുറന്നില്ല. ഇതോടെ, റോഡിൽ അലയുന്നവർക്ക് തുള്ളി വെള്ളംപോലും കിട്ടാത്ത സ്ഥിതിയായി. 
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഭക്ഷണമാണ്‌ ഇത്തരക്കാർക്ക് ആശ്വാസമായത്‌. 
സർക്കാർ–- സ്വകാര്യ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. പൊതുവാഹന സംവിധാനവും നിലച്ചു. ട്രെയിനുകളും ഓടിയില്ല. അത്യപൂർവം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സാധാരണ ഹർത്താൽദിനത്തിൽ ഉച്ചയ്ക്കുശേഷം ചില വാഹനങ്ങൾ പുറത്തിറങ്ങുകയും കടകൾ തുറക്കുകയും ചെയ്യാറുണ്ടെങ്കിലും കർഫ്യൂ ദിനത്തിൽ അതുണ്ടായില്ല. രാവിലേമുതൽ സമ്പൂർണമായി നാടും നഗരവും ഒഴിഞ്ഞുകിടന്നു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനുള്ള ആരോഗ്യ വകുപ്പിന്റെ വാഹനങ്ങൾ മാത്രമാണ് തെരുവിലൂടെ ചില നേരങ്ങളിൽ കടന്നുപോയിരുന്നത്.  
പെട്രോൾ പമ്പുകളും മെഡിക്കൽ സ്റ്റോറുകളും ചിലയിടങ്ങളിൽ തുറന്നിരുന്നു.
 നാളെയുടെ കരുതലിനായി അത്യപൂർവമായ ഒന്നിക്കലായിരുന്നു ഞായറാഴ്ച കാണാനായത്.
പ്രധാന വാർത്തകൾ
 Top