02 December Wednesday

കോട്ടപ്പുറം ചന്തയിലും നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കൊടുങ്ങല്ലൂർ
 കോവിഡിനെ  പ്രതിരോധിക്കാൻ  നിരോധനാജ്ഞ നിലവിൽ വന്ന കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്തയിലും നിയന്ത്രണമായി.  നിർദേശം ലംഘിച്ചാൽ കർശന നടപടി  വരും. രാത്രി ഏറെ വൈകിയും പലചരക്കു സാധനങ്ങൾ വാങ്ങാൻ വൻ ജനത്തിരക്കായതോടെയാണ് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തിയത്.   
മൊത്ത വിൽപ്പനക്കാ‍ർക്കും ചില്ലറ വിൽപ്പനക്കാ‍ർക്കും മാത്രമേ   ചന്ത ദിവസങ്ങളായ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ  പ്രവേശനം അനുവദിക്കുകയുള്ളൂ. ചില്ലറവ്യാപാരികൾക്കല്ലാതെ വ്യക്തികൾക്ക് സാധനങ്ങൾ നൽകരുത്.   ചരക്ക് ഇറക്കുന്നതിലും കയറ്റുന്നതിലും തിരക്കും ആൾക്കൂട്ടവും ഒഴിവാക്കണം. വാഹനങ്ങൾ നിശ്ചിത ക്രമത്തിൽ മാത്രം മാ‍‍ർക്കറ്റിലേക്ക് പ്രവേശിപ്പിക്കണം. ഹസ്തദാനം  ഒഴിവാക്കണം.  ഭക്ഷണം വെള്ളം എന്നിവ വാങ്ങി കഴിക്കരുത് . ആവശ്യമെങ്കില്‍ വീട്ടില്‍നിന്നും കൊണ്ടുവരിക.  സ്ഥാപനങ്ങളിലേക്ക്‌ സോപ്പ് ഉപയോഗിച്ച് കൈകഴുകിയതിനുശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനുള്ള സൗകര്യം ഉടമസ്ഥര്‍ ഏര്‍പ്പെടുത്തണം.
ആളുകള്‍ക്ക് കൂട്ടമായി ഒത്തുചേരാനും ഭക്ഷണം കഴിക്കാനും താമസിക്കാനുമുള്ള സൗകര്യം സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. തിരക്ക്‌ അനുഭവപ്പെടുന്ന പക്ഷം ക്യൂ പാലിക്കുന്നതിനും  ഒരു മീറ്റര്‍ അകലത്തിൽ നിൽക്കുന്നതിനും ശ്രദ്ധിക്കണം-. ജലദോഷം, തുമ്മല്‍, തൊണ്ടവേദന, പനി മുതലായ രോഗലക്ഷണങ്ങളുള്ളവർ സ്ഥാപനം തുറക്കരുത്‌. സ്ഥാപന ഉടമ നിര്‍ബന്ധമായും മാസ്ക്‌ ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പുപയോഗിച്ചോ ഇടയ്ക്കിടെ കൈകള്‍  വൃത്തിയാക്കണം.  പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്പോസിബിള്‍ പാത്രങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കരുത്.   നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കിൽ കേരള മുനിസിപ്പാലിറ്റി ആക്ട്, ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹെല്‍ത്ത് ആക്ട്, ദുരന്തനിവാരണ നിയമ പ്രകാരം കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top