30 May Saturday

ആരോഗ്യത്തോടെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം

കെ വി ഹരീന്ദ്രൻUpdated: Monday Mar 23, 2020
കൊടകര 
പാർക്കും ജിമ്മും  ജൈവ പച്ചക്കറി കൃഷിത്തോട്ടവുമായി ഒരു സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം.  നൂതനാശയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ  എന്നും മാതൃക കാട്ടിയ  കൊടകര പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയാണിത്‌.  കോടാലി റോഡിൽ പൂനിലാർക്കാവ് ക്ഷേത്ര സമീപം ഒരേക്കറിലാണ്‌  ഈ  ആരോഗ്യ കേന്ദ്രം. 
‘കരുതലോടെ കൊടകര' പദ്ധതിയിൽ  നിരവധി പരിപാടികളും  കേന്ദ്രം നടപ്പിലാക്കുന്നു. 
കിടപ്പ് രോഗികളെ വീട്ടിലെത്തി പരിചരിക്കൽ,  തൊഴിലിടങ്ങളിൽ ചെന്ന്‌ തൊഴിലാളികളുടെ രക്ത സമ്മർദവും,  ഷുഗർ ടെസ്‌റ്റും പരിശോധിക്കൽ,  ഡയാലിസിസ് ആവശ്യമുള്ളവർക്ക് 1000 രൂപ  നൽകുന്നത്‌ എന്നിവ ഇതിൽ മുഖ്യം.   കൂടാതെ കീമോ തെറാപ്പി ആവശ്യമുള്ള രോഗികൾക്ക് 259 രൂപ വീതം നൽകുന്നു.  രണ്ട് സർക്കാർ ഡോക്ടർമാരും പഞ്ചായത്ത്‌ നിയമിച്ച ഒരു ഡോക്ടറും അടക്കം മൂന്നു ഡോക്ടർമാരുടെ സേവനം ഈ കേന്ദ്രത്തിലുണ്ട്‌.  വൈകിട്ട് വരെ ഒ പി പ്രവർത്തനക്ഷമമാണ്. 
ആശുപത്രിയോടനുബന്ധിച്ചുള്ള വളപ്പിൽ പാർക്കും ജിമ്മും ഒരുക്കി അന്തരീക്ഷം അത്യാകർഷകമാണ്‌. 
ആളുകൾക്ക് കാറ്റു കൊള്ളാനും വിശ്രമിക്കാനും  പാർക്കിൽ മരങ്ങൾക്ക് ചുറ്റും കരിങ്കല്ല് കെട്ടി ഇരിപ്പിടമുണ്ട്‌. രണ്ടോ മൂന്നോ യന്ത്രങ്ങൾകൂടി എത്തിയാൽ ഓപ്പൺ ജിമ്മും സജ്ജം. 
ബാക്കി സ്ഥലത്ത് കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി നടത്തുകയാണ് ജീവനക്കാർ. വഴുതന,  വെണ്ട,  തക്കാളി, പച്ച മുളക്,  ചീര തുടങ്ങിയവ  ജൈവ കൃഷി രീതിയിൽ  ഉൽപ്പാദിപ്പിക്കുന്നു.  
ഓരോ ദിവസവും ഓരോ ജീവനക്കാരനാണ് നനയുടെ ചുമതല.  പഞ്ചായത്ത്‌ പ്രസിഡന്റ് പി ആർ പ്രസാദന്റെ നേതൃത്വത്തിൽ  ‘കരുതലോടെ കൊടകര' പദ്ധതിക്ക് ബജറ്റിൽ പണം വകയിരുത്തി കൊടകര പഞ്ചായത്ത് ഈ സ്ഥാപനത്തിന്റെ പുത്തൻ ചുവടുകൾക്ക്‌ വഴിയൊരുക്കുന്നു.
പ്രധാന വാർത്തകൾ
 Top