30 May Saturday

കരംപിടിച്ചു കാക്കിയണിഞ്ഞ കരുതൽ

സ്വന്തം ലേഖകന്‍Updated: Monday Mar 23, 2020
അന്തിക്കാട് 
ഒറ്റയ്‌ക്കാണ് കഴിയുന്നതെന്നും കരുതൽ വേണമെന്നുമുള്ള ഒരു അപേക്ഷ അന്തിക്കാട് ജനമൈത്രി പൊലീസിന്‌ വാട്സാപ്പിൽ ലഭിച്ചത്‌ കഴിഞ്ഞദിവസമാണ്‌. മുറ്റിച്ചൂർ കുറ്റിമാവ് കൊച്ചത്തമ്പലത്തിന് സമീപം താമസിക്കുന്ന വയോധികരായ വലിയപറമ്പിൽ മോഹനൻ (77), ഭാര്യ വിമല(66) എന്നിവരാണ്‌ ഒരു പൊതു പ്രവർത്തകന്റെ സഹായത്തോടെ സന്ദേശമയച്ചത്‌. താമസിയാതെ വീട്ടുമുറ്റത്ത്‌ പൊലീസെത്തി ക്ഷേമാന്വേഷണവുമായി. വർഷങ്ങളായി പ്രായാധിക്യ അസുഖങ്ങളാൽ അവശരായി കഴിയുന്ന ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. ഇരുവരും വിവാഹം കഴിഞ്ഞ് ഭർതൃവീടുകളിലേക്ക് പോയതോടെ ബന്ധുക്കളുടെയും അയൽവാസികളുടെയും ഇടപെടലായിരുന്നു ഇവരുടെ സുരക്ഷിതത്വം. 
നാടാകെ കൊറോണ ഭീതിയിൽ നിൽക്കുകയും വയോധികരാണ് ഇരകളെന്ന വാർത്ത പരക്കുകയും ചെയ്ത സാഹചര്യത്തിലാണ് സാന്ത്വനവുമായി അന്തിക്കാട് ജനമൈത്രി പൊലീസ് വയോധികരെ തേടി വീട്ടിലെത്തിയത്. എസ്എച്ച്ഒ പി കെ മനോജ് കുമാർ, എസ്ഐ കെ ജെ ജിനേഷ്, ജനമൈത്രി ഫീൽഡ് സിപിഒമാരായ എസ് സുഹൈൽ, കെ സി ദിലീപ് കുമാർ എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയത്. ഇരുവർക്കും മാസ്‌കുകൾ നൽകി, ഉപയോഗിക്കേണ്ട വിധവും പരിശീലിപ്പിച്ചാണ് സംഘം മടങ്ങിയത്. ചുമരിൽ തൂങ്ങുന്ന കലണ്ടറിലും വയോധികരുടെ 
കൊച്ചു ഡയറിയിലും സ്റ്റേഷനിലെ നമ്പറും എസ്ഐയുടെ നമ്പറും കുറിച്ചിടാനും പൊലീസ് മറന്നില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top