02 March Tuesday
നവകേരള സൃഷ്ടിക്കായി, വീണ്ടും എൽഡിഎഫ്

ജാഥയെ വരവേൽക്കാൻ‌, നാടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

വികസനമുന്നേറ്റ ജാഥയ്ക്ക്‌ അഭിവാദ്യമേകി കുന്നംകുളത്ത്‌ ഡിവൈഎഫ്‌ഐ ഈസ്‌റ്റ്‌ ബ്ലോക്ക്‌ കമ്മിറ്റി സ്ഥാപിച്ച ബോർഡ്‌

 തൃശൂർ
നവകേരള സൃഷ്ടിക്കായി, വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് സംസ്ഥാനകമ്മിറ്റി നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ  സാംസ്‌കാരിക ജില്ല ഒരുങ്ങി.  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന  എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ 25നാണ്‌   ജില്ലയിൽ എത്തുക.  26ന്‌ തൃശൂരിൽ  ജാഥ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം   ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. 
25ന്‌  രാവിലെ ഒമ്പതിന്‌ ചേലക്കര പ്ലാഴിയിൽനിന്ന്‌ ജാഥയെ ‌  ബാൻഡ്‌വാദ്യത്തോടെ ജില്ലയിലേക്ക്‌ ആനയിക്കും. ഇരുചക്രവാഹനങ്ങൾ അകമ്പടിയേകും. സ്വീകരണ കേന്ദ്രങ്ങളിൽ  തുറന്ന ജീപ്പിൽ ജാഥാക്യാപ്‌റ്റൻ സഞ്ചരിക്കും. തൃശൂരിന്റെ തനത്‌ കലാരൂപങ്ങളും കാവടികളും വാദ്യഘോഷങ്ങളും ഉത്സവാന്തരീക്ഷമൊരുക്കും.   
ആദ്യ സ്വീകരണം രാവിലെ പത്തിന്‌ ചേലക്കര ബസ്‌സ്‌റ്റാൻഡ്‌ പരിസരത്താണ്‌.  11ന്‌ വടക്കാഞ്ചേരി ഓട്ടുപാറ ബസ്‌ സ്‌റ്റാൻഡ്‌,  വൈകിട്ട്‌ നാലിന്‌ കുന്നംകുളം ചെറുവത്തൂർ മൈതാനം,  5ന്‌ ഗുരുവായൂർ മണ്ഡലത്തിൽ  ചാവക്കാട്‌ ടൗൺ,  6ന്‌ നാട്ടിക, കയ്‌പമംഗലം  മണ്ഡലം സംയുക്ത സ്വീകരണമായി വലപ്പാട്‌ ചന്തപ്പടിയിലും ജാഥയെ വരവേൽക്കും.  
26ന്  രാവിലെ പത്തിന്‌ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ മാള ടൗൺ, 11ന്‌ ചാലക്കുടി,  വൈകിട്ട്‌ നാലിന്‌ ഇരിങ്ങാലക്കുട പൂതംകുളം മൈതാനം,   അഞ്ചിന്‌  പുതുക്കാട്‌ സെന്റർ എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട്  ആറിന്‌ ജാഥ തൃശൂരിൽ സമാപിക്കും. തൃശൂർ, ഒല്ലൂർ, മണലൂർ മണ്ഡലങ്ങൾ സംയുക്തമായാണ്  തേക്കിൻകാട് മൈതാനിയിൽ സമാപന പരിപാടി സംഘടിപ്പിക്കുക.
ജാഥയെ വരവേൽക്കാൻ ജില്ലയിലാകെ പ്രചാരണപ്രവർത്തനം സജീവമായി. ബൂത്ത്‌തലം കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനം. ബൂത്ത്‌, പഞ്ചായത്ത്‌, മണ്ഡലം സംഘാടകസമിതികൾ  രൂപീകരിച്ചു.  ബോർഡ്‌, ചുമരെഴുത്ത്‌, പോസ്‌റ്റർ പ്രചാരണം എന്നിവ സജീവമായി. ജാഥ കടന്നുവരുന്ന വീഥികളാകെ ചുവപ്പുതോരണങ്ങളാൽ അലംകൃതമാവും‌.  കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ചടങ്ങുകളിൽ  ഹാരാർപ്പണം ഒഴിവാക്കി.  മാസ്‌ക്‌, സാനിറ്റൈസർ നിർബന്ധമാണ്‌.  ആയിരക്കണക്കിനാളുകൾ സ്വീകരണകേന്ദ്രത്തിലുണ്ടാവും. ജാഥാ സ്വീകരണം വൻ വിജയമാക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വർഗീസ്‌ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top