05 July Sunday

മനുവാദ്സെ ആസാദി': തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിരോധം

സ്വന്തം ലേഖകൻUpdated: Thursday Jan 23, 2020

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയന്റെ ‘മനുവാദ്സെ ആസാദി' എന്ന നാടകത്തിന്റെ റിഹേഴ്‌സലിൽനിന്ന്‌

തൃശൂർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ തെരുവുനാടകാവതരണത്തിലൂടെ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കാനൊരുങ്ങുന്നു. എൽഡിഎഫ് ആഭിമുഖ്യത്തിൽ തീർക്കുന്ന മനുഷ്യ മഹാശൃംഖലയ്ക്ക് ഐക്യദാർഢ്യമായാണ് എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികളുടെ കലാസംഘം വെള്ളിയാഴ്ച തെരുവുനാടകവും പടപ്പാട്ടുകളുമായി തൃശൂർ നഗരത്തിൽ സദസ്സുകൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുന്നത്.  
മനുഷ്യമനസ്സിൽ ആഴത്തിൽ പതിക്കുന്ന ചിന്തകളുടെ സന്ദേശം പകർന്നുള്ള ‘മനുവാദ്സെ ആസാദി' എന്ന നാടകമാണ് അവതരിപ്പിക്കുക. തൊഴിലാളികൾ, മേറ്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന 23 അംഗ കലാസംഘം ഒരാഴ്ചയിലേറെ പരിശീലനം നടത്തിയാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടുന്നതിന്റെ വൈരാഗ്യമാണ് എൻആർഇജി ഉൾപ്പെടെയുള്ള പല തൊഴിലാളികളുടേയും കൂലി  മാസങ്ങളായി തടഞ്ഞുവച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ തെരുവിലിറങ്ങി കലാപരിപാടികളിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്നത്. 
സംസ്ഥാന കമ്മിറ്റിയംഗം സാവിത്രി സദാനന്ദൻ, ഷീല സുരേഷ്, ശാന്തി ഭാസി, ഷീന ഷാജൻ, ഓമന മധുസൂദനൻ, കെ സി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കലാസംഘം പരിപാടികൾ അവതരിപ്പിക്കുക. നാടക സംവിധാനം കിഷൻജി. സുരേഷ്നയാണ് നാടക രചന. രാവിലെ 10.30ന് ശക്തൻ പച്ചക്കറി മാർക്കറ്റ്, പകൽ 2ന് കൊക്കാല സെന്റർ, 4ന് ജയ്ഹിന്ദ് മാർക്കറ്റ് തുടങ്ങിയ ഇടങ്ങളിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ കലാസദസ്സുകൾ സംഘടിപ്പിക്കുക.
പ്രധാന വാർത്തകൾ
 Top