കൊരട്ടി
പടിഞ്ഞാറേയങ്ങാടിയിൽ ഇറിഗേഷൻ കനാലിൽ തിരുമുടിക്കുന്ന് സ്വദേശി വലിയവീട്ടിൽ എബിൻ (33) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. വ്യാഴാഴ്ച രാവിലെ കനാലിൽ മൃതദേഹം കാണപ്പെട്ടതിനെത്തുടർന്ന് കൊരട്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളായ ചാലക്കുടി കൊന്നക്കുഴി സ്വദേശി കിഴക്കേപ്പുറത്തു അനിൽ (27), കുലയിടം പാറയം കോളനിയിൽ താമസിക്കുന്ന കക്കാട്ടിൽ വിജിത്ത് (32) എന്നിവരെ അറസ്റ്റു ചെയ്തു. മരിച്ച എബിയുടെ സുഹൃത്തുക്കളാണ് ഇവർ. കൊരട്ടി എസ്എച്ച്ഒ ബി കെ അരുൺ, എസ് ഐമാരായ ഷാജു എടത്താടൻ, സി കെ സുരേഷ്, സി ഒ ജോഷി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
റൂറൽ എസ്പി ആർ വിശ്വനാഥൻ, ചാലക്കുടി ഡി വൈഎസ്പി സി ആർ സന്തോഷ് എന്നിവരുടെ നിർദേശാനുസരണം പ്രത്യേകഅന്വേഷക സംഘം രൂപീകരിക്കുകയായിരുന്നു.
എബിനും പ്രതികളായ രണ്ടുപേരും തലേദിവസം ഉച്ചയ്ക്ക് ചെറുവാളൂർ, കട്ടപ്പുറം എന്നീ കള്ളുഷാപ്പുകളിൽ ഒരുമിച്ച് മദ്യപിച്ചിരുന്നെന്നും മദ്യപിക്കുന്നതിനിടെ എബിൻ പ്രതികളുടെ പേഴ്സും, ഫോണും മോഷ്ടിച്ചെന്നും അതിനെത്തുടർന്ന് ഉണ്ടായ അടിപിടിയാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
ഷാപ്പിൽ നടന്ന മർദനത്തിൽ അവശനായ എബിനേയും താങ്ങിപ്പിടിച്ച് രാത്രി ഒമ്പതോടെ കനാൽ ഭാഗത്തെത്തിച്ച് അവശനായ എബിയെ കനാലിലേക്ക് തള്ളിയിടുകയുമായിരുന്നെന്നും , തുടർന്ന് ഒന്നാം പ്രതി രണ്ടാംപ്രതിയുടെ കുലയിടത്തെ വീട്ടിൽ കിടന്നുറങ്ങി വെളുപ്പിന് നാലുമണിയോടെ വീണ്ടും എബിൻ കിടന്നിരുന്ന കനാലിൽ എത്തി മരണം ഉറപ്പാക്കുകയും ചെയ്തതന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു .
എബിന്റെ 20 വാരിയെല്ലുകൾ ഒടിഞ്ഞിരുന്നെന്നും ആന്തരിക അവയവങ്ങൾ തകർന്ന് രക്ത സ്രാവം ഉണ്ടായതാണ് മരണത്തിന് കാരണമെന്നും തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പൊലീസ് സർജൻ കണ്ടെത്തിയിരുന്നു. അനിൽ ഏഴോളം കഞ്ചാവ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വിജിത്തും പത്തോളം ക്രിമിനൽ കേസുകളിൽപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..