18 October Monday
ദേശീയപാത

സ്ഥലമെടുപ്പിന്‌ 
5090 കോടി രേഖ കൈമാറിയാൽ ഉടൻ തുക

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
തൃശൂർ
ദേശീയപാത 66 വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 5090 കോടി രൂപ ജില്ലയ്‌ക്ക്‌ ലഭിച്ചു. തുക വിതരണവും ആരംഭിച്ചു. സ്ഥലം നൽകുന്നവർക്ക്  അർഹമായ പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി ദ്രുതഗതിയിൽ മുന്നോട്ടു പോകുകയാണെന്ന്‌ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. 
 സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ഭൂരേഖകൾ കൈമാറി തുക കൈപ്പറ്റാത്തവർ ബന്ധപ്പെട്ട രേഖകളുമായി എത്രയും പെട്ടെന്ന് കൊടുങ്ങല്ലൂർ എൽഎഎൻഎച്ച്  ഡെപ്യൂട്ടി കലക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. കൃത്യമായ രേഖകൾ ഹാജരാക്കുന്നവർക്ക്  തുക അക്കൗണ്ടിലെത്തും. ഭൂമി ഏറ്റെടുക്കലും പണം വിതരണവും അടക്കമുള്ള നടപടി വേഗത്തിലാക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന്‌ കലക്ടർ വ്യക്തമാക്കി. രേഖകൾ കൃത്യമായി ഹാജരാക്കിയവർക്ക്‌ ഇതുവരെ 138 കോടി രൂപ  വിതരണം ചെയ്തു .
    ആധാരം, പട്ടയം, അടിയാധാരങ്ങൾ (24 വർഷത്തിൽ കൂടുതൽ),  കുടിക്കട സർട്ടിഫിക്കറ്റ്, നികുതി രശീതി (നടപ്പ് വർഷം), ബാധ്യതാ രഹിത കൈവശ സർട്ടിഫിക്കറ്റ്, പണയപ്പെടുത്തിയ രേഖ, കക്ഷി നേരിൽ ഹാജരാകുന്നില്ലെങ്കിൽ ആയതിന് ചുമതലപ്പെടുത്തിയ രേഖ, തിരിച്ചറിയൽ രേഖ, സർവേ നമ്പർ പൂർണമായും തെറ്റാണെങ്കിൽ തെറ്റ് തിരുത്താധാരം, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ഐഎഫ്എസ് സി കോഡ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.
5 കിലോമീറ്റർ ദേശീയപാത വികസനത്തിന്‌ 205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കാപ്പിരിക്കാട് മുതൽ തളിക്കുളംവരെയും, തളിക്കുളംമുതൽ കൊടുങ്ങല്ലൂർ വരെയുമായി രണ്ട് സെക്ടറായാണ്‌ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top