22 September Sunday

ഓണം ധന്യമാകും; വിതരണം 24 മുതൽ സാമൂഹ്യക്ഷേമപെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
തൃശൂർ
ജില്ലയിൽ 4.56 ലക്ഷംപേർക്കുള്ള സാമൂഹ്യ സുരക്ഷ–- ക്ഷേമ പെൻഷനുകളുടെ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് പഞ്ചായത്ത് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ പി ജെ ജയിംസ് അറിയിച്ചു. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷനാണ് ഒരുമിച്ച് അർഹരുടെ കൈകളിൽ എത്തിക്കുക. ഇതു പ്രകാരം ഏറ്റവും കുറഞ്ഞത് ഒരു വ്യക്തിക്ക് 3600 രൂപ ലഭിക്കും. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പെൻഷൻ 29മുതൽ എത്തും. 
ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി ആകെ 4,55,725 പേരാണ് ക്ഷേമ പെൻഷനുകൾക്ക് അർഹരായിട്ടുള്ളത്. 44,387 പേർക്കാണ് കർഷകത്തൊഴിലാളി പെൻഷൻ ലഭിക്കുക. 2,25,344 പേർക്ക് വാർധക്യപെൻഷനും ലഭിക്കും. 
34,998 വികലാംഗർക്കും, 1,36,785 വിധവകൾക്കും, 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ 14,211 വനിതകൾക്കും ഓണത്തിനുമുന്നേ സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തും. 
കഴിഞ്ഞ വർഷം ജില്ലയിൽ 4,42,736 പേർക്ക് മാത്രമാണ് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിച്ചിരുന്നത്.
 ഇക്കുറി 12,989 പേർക്കുകൂടി ഓണത്തിന് പെൻഷൻ കൈകളിലെത്തും. 
ഇതു കൂടാതെ, ക്ഷേമനിധി പെൻഷനുകളുടെ വിതരണവും ശനിയാഴ്ച ആരംഭിക്കും. അസംഘടിത തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ലോട്ടറിത്തൊഴിലാളികൾ, കർഷകർ, ചെറുകിട കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ, ആഭരണത്തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, ചെറുകിട തോട്ടം തൊഴിലാളികൾ,  ബീഡിത്തൊഴിലാളികൾ, ഈറ്റത്തൊഴിലാളികൾ എന്നിവർക്കാണ് ക്ഷേമപെൻഷൻ ലഭിക്കുക.
പ്രധാന വാർത്തകൾ
 Top