16 September Monday
പണികൊടുത്ത്‌ ചുവപ്പുനാട

പ്രളയവാർഷികത്തിലും ചോരുന്ന വീടുമായി ചന്ദ്രിക

ഇ സി സുരേഷ്‌Updated: Thursday Aug 22, 2019

തകർന്ന വീടിനുള്ളിൽ ചന്ദ്രിക

ചാലക്കുടി
മഹാപ്രളയത്തിൽ ദുരിതമനുഭവിച്ചവരെ അത്ഭുതകരമാം വിധം കൈപിടിച്ചുയർത്തുമ്പോഴും നൊമ്പരമായി ഒരു വീട്‌. ഔപചാരികതകളുടെ ചുവപ്പുനാടയിൽ കുടുങ്ങി കുടുംബം ദുരിതത്തിൽ നിന്നും കരകയറാനാകാതെ വിഷമിക്കുന്നു. മേലൂർ വെട്ടുകടവ്  ചെറിയാപ്പിള്ളി  ചന്ദ്രികയാണ് കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന വീട്‌ പുനർനിർമിക്കാനാവാതെ കഷ്‌ടപ്പെടുന്നത്‌. 
ഇവരുടെ ഓടിട്ട വീട് 2018ലെ മഹാപ്രളയത്തിൽ പൂർണമായും മുങ്ങി. മേൽക്കൂര തകർന്ന് ചുമരുകൾ വിണ്ട് താമസയോഗ്യമല്ലാതായി. പക്ഷേ, അത് ഇടിഞ്ഞ്‌ തകർന്നുവീണില്ലെന്നത്‌ വിനയായി. കണക്കെടുപ്പിന് വന്ന ഉദ്യോഗസ്ഥർ അത് കേടുപാടുകൾ വന്ന വീടിന്റെ ലിസ്റ്റിലാണ് പെടുത്തിയത്. വീട് പൊളിച്ചുനീക്കി പുതിയ വീട് നിർമിക്കാതെ അവിടെ താമസിക്കാനാകില്ലെന്ന്‌ വീട്‌ കണ്ടവർക്കെല്ലാം ബോധ്യമായതാണ്‌. എന്നാൽ, സാങ്കേതികതയുടെ പേരിൽ പൂർണമായും തകർന്ന വീടായി കണക്കാക്കിയില്ല.  
ഇക്കൊല്ലത്തെ മഴയോടെ എപ്പോൾ വേണമെങ്കിലും തറപറ്റാവുന്ന നിലയിലായി.  മറ്റ് മാർഗമില്ലാതെ ഷെഡ്ഡിൽ  പരിതാപകരമായ സാഹചര്യത്തിൽ താമസിക്കുകയാണ്‌. സാമ്പത്തികമായി പരാധീനതയുള്ള ഇവർക്ക്‌ സ്വന്തം നിലയ്‌ക്ക്‌ വീട്‌ പൊളിച്ചുപണിയാനും കഴിയില്ലെന്ന്‌ പറയുന്നു. കൂലിപ്പണിക്കാരനായ ഭർത്താവ്‌ സുബ്രഹ്മണ്യൻ അസുഖബാധിതനാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top