06 December Friday

തിരുവോണം ബംബര്‍ ആദ്യ വില്‍പ്പന നടന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തൃശുർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തിരുവോണം ബംബർ 2019 ലോട്ടറി ടിക്കറ്റ് പ്രകാശനം മന്ത്രി സി രവിന്ദ്രനാഥ് നിർവഹിക്കുന്നു. മന്ത്രി വി എസ്‌ സുനിൽകുമാർ, മേയർ അജിത വിജയൻ എന്നിവർ സമീപം

തൃശൂർ 
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനം  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആശ്വാസമാണ് കേരള ഭാഗ്യക്കുറിയെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സുതാര്യതയാണ് അതിന്റെ വിജയം. തിരുവോണം ബംബർ   വിൽപ്പനയിലൂടെ ലഭിക്കുന്ന തുക നാടിന്റെ പുനരധിവാസം, പുനർനിർമാണ പ്രവർത്തനങ്ങൾ എന്നിവയ‌്ക്കും ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ വിനിയോഗിക്കാവുന്നതരത്തിലും ചെന്നെത്തണമെന്നും മന്ത്രി പറഞ്ഞു. ആദ്യ വിൽപ്പന മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു.  ആദ്യ ടിക്കറ്റ് മേയർ അജിത വിജയൻ ഏറ്റുവാങ്ങി. കലക്ടർ എസ് ഷാനവാസ്, കൗൺസിലർ എ പ്രസാദ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എം ആർ സുധ,   ഡെപ്യൂട്ടി ഡയറക്ടർ കെ ഡി അപ്പച്ചൻ,  പബ്ലിസിറ്റി ഓഫീസർ അനിൽഭാസ്കർ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ അനിൽ, അസി. ഭാഗ്യക്കുറി ഓഫീസർ ഷാജു, വിവിധ ഏജൻസി പ്രതിനിധികളായ സി ജി ദിവാകർ, പി എൻ സതീഷ്, വി കെ ലതിക, കെ കെ ഗോപി, ബേബി നെല്ലിക്കുഴി, പി എസ് രാധാകൃഷ്ണൻ, പി ആർ ഹരി, ഗീവർ, പി എം ആന്റോ എന്നിവർ പങ്കെടുത്തു. 
സെപ്തംബർ 19 ന് നറുക്കെടുക്കുന്ന തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. പത്ത‌് സീരീസുകളായാണ് ടിക്കറ്റ്. ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്കു പുറമെ രണ്ടാം സമ്മാനമായി പത്തുപേർക്ക്   അഞ്ചുകോടി രൂപയും മൂന്നാം സമ്മാനം 20 പേർക്ക് രണ്ടുകോടി രൂപയും നൽകും. സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ ഒമ്പതുപേർക്ക് ലഭിക്കും. കൂടാതെ ഒരു ലക്ഷം രൂപയുടെ 180, 5000 രൂപയുടെ 31,500, 3000 രൂപയുടെ 31,500, 2000 രൂപയുടെ 45,000, 1000 രൂപയുടെ 2,17,800 എണ്ണം സമ്മാനങ്ങളും ലഭിക്കും. 
തൊണ്ണൂറ് ലക്ഷത്തോളം ടിക്കറ്റാണ് തിരുവോണം ഭാഗ്യക്കുറി ബംബറിൽ അച്ചടിച്ചു വിൽക്കുന്നത്. മുഴുവൻ ടിക്കറ്റുകളും വിറ്റാൽ 241 കോടിയാണ് വരുമാനം. കഴിഞ്ഞവർഷം ഓണം ബംബർ പത്തുകോടിയായിരുന്നു ഒന്നാം സമ്മാനം. 45 ലക്ഷം ടിക്കറ്റടിച്ചതിൽ 43 ലക്ഷമാണ് വിറ്റത്. പ്രളയമാണ് തിരിച്ചടിയായത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top