11 December Wednesday

തകർന്നത‌് ‘ചരിത്രവീട് ’

കെ പ്രഭാത്‌Updated: Monday Jul 22, 2019

മരം വീണ്‌ തകർന്ന പ്രേംജിയുടെ വീട്‌

തൃശൂർ
ചരിത്രത്തിലെ നിർണായകചുവടുകൾക്ക് സാക്ഷ്യംവഹിച്ച ഇടമാണ‌് പൂങ്കുന്നത്തെ പ്രേംജിയുടെ വീട‌്. ഇവിടെ ഉദയംകൊണ്ട ചരിത്രനിമിഷങ്ങൾ കേരളീയജീവിതത്തിന്റെ പുലരിവെളിച്ചമായി മാറിയതാണ‌്.  ഒരു നൂറ്റാണ്ട‌്  പഴക്കമുള്ള പൂങ്കുന്നത്തെ ഈ വീട്ടിലായിരുന്നു ഒരു കാലത്ത് നവോത്ഥാന കേരളത്തിന്റെ നവചൈതന്യം തുടിച്ചത‌്.  കരുത്തുപകർന്ന പല തീരുമാനങ്ങളുടെയും ആദിരൂപം  ഈ വീടിന്റെ അകത്തളങ്ങളിലെ കൂടിച്ചേരലുകളിൽനിന്നായിരുന്നു.  ഇ എം എസ്, വി ടി, എം ആർ ബി എന്നിങ്ങനെ  സാമൂഹ്യ മുന്നേറ്റത്തെ ഇളക്കിമിറച്ചവരൊക്കെ എം പിയെന്ന പ്രേംജിയെ കാണാനും ആശയവിനിമയത്തിനും എത്തിച്ചേർന്നിരുന്നത‌് ഈ  പൂമുഖത്തും അകത്തളങ്ങളിലുമായിരുന്നു.  
കോഴിക്കോട് ദേശാഭിമാനിയിൽ പ്രൂഫ് റീഡറായിരിക്കെയാണ് പ്രേംജി തൃശൂരിലേക്ക്  തിരിച്ചെത്തുന്നത്. പിന്നീട്  മംഗളോദയത്തിൽ പ്രൂഫ് റീഡറായി. കമ്യൂണിസ്റ്റ് പാർടി പ്രവർത്തനംമൂലം രണ്ടുതവണ ജോലി പോയി. ഇതിനിടെയാണ് ഈ വീടും സ്ഥലവും വാങ്ങുന്നത്. 1946ൽ വിധവയായ ആര്യാദേവിയെ വിവാഹം കഴിച്ചുകൊണ്ടുവന്ന‌തും ഈ വീട്ടിലേക്ക‌് .   കമ്യൂണിസ്റ്റുകാരും  എഴുത്തുകാരും  ചലച്ചിത്ര നാടകപ്രവർത്തകരും  കവികളും  നിത്യ സന്ദർശകരായിരുന്നു. 
 ജോസഫ് മുണ്ടശേരി, ചെറുകാട്, വയലാർ രാമവർമ, എസ് കെ പൊറ്റെക്കാട്, കെ കെ രാജ, ഉറൂബ്, വൈലോപ്പിള്ളി, ആറ്റൂർ രവിവർമ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയവർ  ഇവിടെ ഒത്തുചേർന്നിരുന്നു.  ചെറുകാടിന്റെ ‘നമ്മൾ ഒന്ന്' നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പായിരുന്നു പ്രേംജിയുടെ വീട്. പി ജെ ആന്റണി, എം എസ് നമ്പൂതിരി, പരിയാനംപറ്റ, പൊൻകുന്നം ദാമോദരൻ, ബാബുരാജ് തുടങ്ങിയവർക്കൊപ്പം പ്രേംജിയും അഭിനയിച്ചു. മുണ്ടശേരി എല്ലാ ഞായറാഴ്ചകളിലും ഇവിടെയെത്തി പ്രേംജിയെക്കൊണ്ട് ലേഖനങ്ങൾ എഴുതിച്ചു.
പല കമ്യൂണിസ്റ്റ് നേതാക്കളുടെയും ഒളിസങ്കേതമായിരുന്നു ഈ വീട്. ഇപ്പോൾ മരംവീണ് തകർന്ന  മുറിയിലാണ് സി അച്യുതമേനോൻ അടക്കമുള്ള  നേതാക്കൾ ഒരുകാലത്ത‌്  ഒളിവിലിരുന്നത്. മുറിക്കുചുറ്റും വൈക്കോൽ തിരുകിവച്ച‌് പ്രേംജിയുടെ ഭാര്യ നേതാക്കളെ കാണാമറയത്ത‌ാക്കി സംരക്ഷിച്ചു. പൊലീസ‌് ചോദിക്കുമ്പോൾ വൈക്കോൽമുറിയെന്ന് പറഞ്ഞ് ഒഴിവാക്കും. ഇവിടെ ഒളിവിലിരിക്കേ, നിയമസഭയിലേക്ക് മത്സരിച്ച് അച്യുതമേനോൻ വിജയിച്ചിട്ടുണ്ട‌്. 
പ്രേംജി പിന്നീട് ലോകം അറിയപ്പെടുന്ന മഹാനടനായി. 1998 ആഗസ്ത് പത്തിന് പ്രേംജിയും 2016 മെയ് 23ന് ആര്യ അന്തർജനവും അന്തരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top