19 October Saturday

ഉള്ളിൽ ജയന്‍ ; ബുള്ളറ്റില്‍ റോബിൻ

സ്വന്തം ലേഖകൻUpdated: Monday Jul 22, 2019

ജയൻ ജന്മദിനാഘോഷത്തിനായി തിരുവനന്തപുരത്തുനിന്ന്‌ തൃശൂരിലേക്ക്‌ ബുള്ളറ്റിലെത്തിയ റോബിൻ

തൃശൂർ
ജയൻ ആരാധനയുമായി ബുള്ളറ്റിൽ സഞ്ചരിക്കുന്ന റോബിൻ തൃശൂരിലുമെത്തി. തിരുവനന്തപുരം സ്വദേശി  റോബിൻ, ജയന്റെ ചിത്രങ്ങളടങ്ങിയ കൊടികളും ബാനറുകളും ബൈക്കിൽ കെട്ടിയാണ് തിരുവനന്തപുരത്തുനിന്നും തൃശൂരിലെത്തിയത്.  മേഘം മായ്ക്കാത്ത താരം എന്ന പേരിൽ ജയൻ സാംസ്കാരിക വേദി സംഘടിപ്പിച്ച ജയൻ ദിനാഘോഷ ചടങ്ങിലേക്കാണ് റോബിൻ എത്തിയത്. 
തിരുവനന്തപുരം പേയാട് ഭജനമഠം റോഡിൽ തംബുരു  റോബിനാണ് (53) ജയൻ ആരാധനയുമായി ബുള്ളറ്റിൽ സഞ്ചരിക്കുന്നത്. 2015ൽ സുഭാഷ് ചന്ദ്രബോസിന്റെയും ജയന്റെയും  ചിത്രങ്ങളുമായി ബുള്ളറ്റിൽ കന്യാകുമാരിമുതൽ കൊൽക്കത്ത വഴി ജമ്മുകശ്മീർവരെ സഞ്ചരിച്ചു. 
ജയന്റെ സിനിമകൾ കണ്ട് ആരാധന മൂത്ത‌് ജയനെപ്പോലെ അഭ്യാസിയായി. ആർമിയിലും ചേർന്നു. സർവീസിൽനിന്ന‌് വിരമിച്ചശേഷം ബുള്ളറ്റിൽ അഭ്യാസപ്രകടനങ്ങൾ കാണിച്ചു. ഇപ്പോൾ എസ‌്ബിഐയിൽ ജോലി ചെയ്യുന്നു. ആറ‌് സീരിയലുകളിൽ അഭിനയിച്ചു.   ആരാധകർ ചേർന്ന് വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനെത്തുടർന്നാണ് ജയൻ സാംസ്കാരിക വേദിയിലും പങ്കാളിയായത്.
 തൃശൂരിൽ സംഘടിപ്പിച്ച ജയൻ ജന്മദിനാഘോഷം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയൻ മുഖ്യപ്രഭാഷണം നടത്തി. ജയന്റെ മരണം ഫ‌്ളാഷ‌്ബാക്ക‌് എന്ന സിനിമയുടെ സംവിധായകൻ എ കെ എസ‌്, പി എസ് അരവിന്ദാക്ഷൻ,  നൗഷാദ് പാട്ടുകുളങ്ങര, സൂജോ ചേർപ്പ്, സുനിൽ പാമ്പുങ്ങൽ എന്നിവർ സംസാരിച്ചു.    
എസ് എസ് പ്രീതി സ്വാഗതവും വിനോദ് ലാലുർ നന്ദിയും പറഞ്ഞു. പ്രഭാഷണങ്ങൾ, ജയൻ ആരാധകരുടെ  ജയഗീതങ്ങൾ, മായാജാലം, ജയൻ സിനിമകളുടെ പ്രദർശനം, 
പോസ്റ്റർ പ്രദർശനം എന്നിവ നടന്നു.
 
പ്രധാന വാർത്തകൾ
 Top