10 August Monday
ജില്ലയിൽ പ്രത്യേക കൺട്രോൾറൂം: ഫോൺ 100, 112

എങ്ങും കർശന സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

 
തൃശൂർ 
ലോക‌്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി, ജില്ലയിൽ സിറ്റി പൊലീസ‌് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ  ഏർപ്പെടുത്തി. ജില്ലയിലെ പ്രമുഖ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കളുടെയും, സ്ഥാനാർഥികളുടെയും വീടുകൾക്ക് സുരക്ഷയും പരിസരങ്ങളിൽ വാഹനപട്രോളിങ്ങും പൊലീസ് ശക്തമാക്കി. 
ആഹ്ളാദ പ്രകടനങ്ങൾ അതിരുവിടാതിരിയ്ക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിൽ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചു. പൊതുമുതൽ നശീകരണം, വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ നിയമനടപടികൾ പൊലീസ് സ്വീകരിക്കുമെന്ന് കമീഷണർ യതീഷ് ചന്ദ്ര ജിഎച്ച് അറിയിച്ചു. 
ആറ‌് അസി. പൊലീസ് കമീഷണർ, ഏഴ‌് സിഐ, 64 എസ്ഐ എന്നിവരടക്കം   1500 പൊലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയ്ക്കായി ഉള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു കമ്പനി സായുധ പൊലീസും സജ്ജമായിട്ടുണ്ട്. 
വോട്ടെണ്ണൽ നടക്കുന്ന തൃശൂർ എൻജി. കോളേജ് പരിസരം കനത്ത കാവലിലാണ്. അംഗീകാരമില്ലാത്ത ആരേയും വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിയ്ക്കില്ല. എസിപി മാരായ വി എൻ സജി, സി ഡി ശ്രീനിവാസൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷ. വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്തെ ദൃശ്യങ്ങൾ സിസിടിവി ക്യാമറ വഴി പകർത്തും.
 ക്രമസമാധാനപാലന ഡ്യൂട്ടി നിർവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യൂണിഫോമിൽ ഘടിപ്പിക്കാവുന്ന വീഡിയോ ക്യാമറകളും, കൈവശം കൊണ്ടുനടക്കാവുന്ന വീഡിയോ ക്യാമറകളും നൽകിയിട്ടുണ്ട്. കലാപകാരികളെയും, അക്രമികളെയും  കണ്ടെത്തി നിയമനടപടി സ്വീകരിയ്ക്കാനായി ദൃശ്യങ്ങൾ ഉപയോഗിയ്ക്കും.
മത-സാമുദായിക ധ്രുവീകരണവും, അതിക്രമവും പ്രോത്സാഹിപ്പിയ്ക്കുന്നവർക്കെതിരെയും നടപടി കർശനമാക്കും. സാമുദായിക സ്പർധ വളർത്തുകയും, വ്യക്തിവിരോധം സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ‌് രജിസ്റ്റർ ചെയ്യും. നിരീക്ഷണത്തിനായി ജില്ലയിൽ സൈബർസെൽ ടീം രൂപീകരിച്ചു. ജില്ലയിലെ മതസ്ഥാപനങ്ങൾക്കും, ആരാധനാലയങ്ങൾക്കും പ്രത്യേക സുരക്ഷ പൊലീസ് ഏർപ്പെടുത്തി. 
സാധാരണ ജനജീവിതത്തെ തടസ്സപ്പെടുത്തുകയോ,   പടക്കം, ഗുണ്ട് മുതലായ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് നാശനഷ്ടങ്ങളോ, പരിക്കോ ഏൽപ്പിയ്ക്കുകയോ ചെയ്യുന്നവർക്കെതിരെയും പൊലീസ് നടപടിയെടുക്കും. അനധികൃത മദ്യകടത്ത്, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും, കഞ്ചാവ്, മയക്കുമരുന്ന് കടത്ത് എന്നിവയെല്ലാം തടയുന്നതിന് പൊലീസ് ജില്ലാ അതിർത്തി പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിലും നിരീക്ഷണവും, വാഹനപരിശോധനയും ശക്തമാക്കി.
  മുൻകാലങ്ങളിലെ പ്രശ്നബാധിത കേന്ദ്രങ്ങളിലെല്ലാം പൊലീസ് സുരക്ഷയൊരുക്കി. സ്ഥിരം പ്രശ്നക്കാരുടെയും, ക്രിമിനലുകളുടെയും ലിസ്റ്റുണ്ടാക്കി  സ്റ്റേഷനുകളിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടയച്ചു. അക്രമം തുടരുന്നവർക്കെതിരെ ആവശ്യം വരുന്നപക്ഷം കാപ്പ നിയമം ചുമത്തി തടങ്കലിലടയ്ക്കും. ഫലപ്രഖ്യാപന ഭാഗമായി കൂടുതൽ കുഴപ്പക്കാരായവരെ മുഴുവൻ കരുതൽ തടങ്കലിൽ ഇടാൻ എല്ലാ സ്റ്റേഷൻ ചുമതലയുള്ള ഓഫീസർമാർക്കും കമീഷണർ നിർദേശം നൽകി. 
ജില്ലയിൽ പ്രത്യേക കൺട്രോൾറൂം തുറന്നു. വിവരങ്ങളും, പരാതികളും പൊതുജനങ്ങൾക്ക് അറിയിയ്ക്കാം.  ഫോൺ 100, 112.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top