25 May Monday
ക്ഷേത്രം അടച്ചത് 88 വർഷത്തിന്‌ ശേഷം

പ്രവേശനവിലക്ക്; തിരക്കൊഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തൃശൂർ
കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പൂർണമായ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ കോവിഡ് 19 വൈറസിനെതിരായ ചെറുത്തുനിൽപ്പിനൊപ്പമാണ് ക്ഷേത്രനഗരം. കടകൾ അടച്ചും ആളുകൾ ഇല്ലാതെയും ഗുരുവായൂർ ക്ഷേത്രപരിസരവും നിരത്തും ഒഴിഞ്ഞുകിടക്കുകയാണ്.
ഉദയാസ്തമനപൂജ, വിവാഹം, ചോറൂണ്, വാഹനപൂജ, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും നിർത്തിവച്ചു. നേരത്തെ ബുക്കുചെയ്ത ഇത്തരം ചടങ്ങുകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അനിശ്ചിത കാലത്തേക്കാണ് ക്ഷേത്രം അടച്ചതെങ്കിലും പതിവ് പൂജകൾ നടക്കും. സർക്കാരിന്റെ അറിയിപ്പ് ലഭിച്ച ശേഷമേ ഇനി വിശ്വാസികളെ പ്രവേശിപ്പിക്കൂവെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് പറഞ്ഞു. ദിവസവും നൂറുകണക്കിന് വിവാഹങ്ങൾ നടന്നിരുന്ന ഇവിടെ ഒരാഴ്ചയായി നാലും അഞ്ചും വിവാഹങ്ങൾ മാത്രമാണ് ചടങ്ങ് മാത്രമാക്കി നടത്തിയത്.
ദിവസവും മൂന്നും നാലും ഷിഫ്റ്റുകളിലായി ക്ഷേത്ര മതിൽക്കെട്ടിനകത്തും പുറത്തും സോപ്പ് ലായനിയും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. കൂടാതെ പൊതുജനങ്ങൾക്കുവേണ്ടി പൈപ്പും ഹാൻഡ് വാഷും ദേവസ്വം ഏർപ്പെടുത്തി. 
88 വർഷം മുമ്പ്‌ 1932ലാണ് ഇതിന് മുമ്പ് ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടത്. കെ കേളപ്പന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹത്തെ നേരിടാനാണ് അന്ന് ക്ഷേത്രമടച്ചത്.
പ്രധാന വാർത്തകൾ
 Top