01 December Tuesday
പേര് ചേർക്കാൻ 2 അവസരം

തദ്ദേശ വോട്ടര്‍പട്ടിക 27ന്

സ്വന്തം ലേഖകൻUpdated: Sunday Mar 22, 2020
തിരുവനന്തപുരം
കാസർകോട്‌ ഒഴികെയുളള മറ്റ് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക  27ന് പ്രസിദ്ധീകരിക്കും. പൊതുതെരഞ്ഞെടുപ്പിനുമുമ്പായി പേര് ചേർക്കുന്നതിന് രണ്ട് അവസരങ്ങൾകൂടി നൽകുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്കരൻ അറിയിച്ചു.  
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിലവിലെ വോട്ടർപട്ടിക ജനുവരി 20ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു.  പേര് ചേർക്കുന്നതിനുംമറ്റുമുള്ള അപേക്ഷകൾ കഴിഞ്ഞ തിങ്കളാഴ്‌ചവരെ സ്വീകരിച്ചു.  ഇതിന്റെ തുടർനടപടികൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ 25ന് പൂർത്തീകരിക്കും. തുടർന്ന്‌ 27ന്‌ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.  കോവിഡ് ബാധയുമായി ബന്ധപ്പെട്ട സർക്കാരിന്റെ ജാഗ്രതാനിർദേശത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട്‌ ജില്ലയിൽ തുടർനടപടികൾ ഏപ്രിൽ മൂന്നിന് പൂർത്തിയാക്കും.  ആറിന് പ്രസിദ്ധീകരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജന നടപടികൾ ആരംഭിച്ചു.  ഇവ പൂർത്തിയായാൽ, പുതിയ വാർഡുകളെ അടിസ്ഥാനമാക്കി ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിക്കും.  വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് അപ്പോഴും അപേക്ഷ സമർപ്പിക്കാം.  കരട്പട്ടികയിലെ മറ്റ് ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനും അവസരമുണ്ടാകും.
2020ലെ പൊതുതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുമ്പ് പേര് ചേർക്കുന്നതിനും മറ്റും ഒരിക്കൽക്കൂടി അവസരമുണ്ടാകും.  ഈ അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചായിരിക്കും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top