03 April Friday

തിളങ്ങി ശിവരാത്രിദീപങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

ശിവരാത്രിയോടനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രത്തിൽ ലക്ഷം ദീപം തെളിഞ്ഞപ്പോൾ

തൃശൂർ 
മഹാശിവരാത്രിക്ക‌് വിവിധ ക്ഷേത്രങ്ങളിൽ ജനസഹസ്രങ്ങളെത്തി. 
വടക്കുന്നാഥ  ക്ഷേത്രത്തിൽ തൃശൂർ പൂരത്തിന്‌ സമാനമായ ജനത്തിരക്കാണുണ്ടായത‌്.  വടക്കുന്നാഥ ക്ഷേത്രത്തിൽ ലക്ഷദീപം തെളിയിച്ചു. 
ക്ഷേത്രങ്ങൾ ദീപാലങ്കാര പ്രഭയിലായിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് ഒരാഴ്ചയായി വിവിധ ക്ഷേത്രങ്ങളിൽ നടന്ന കലാസംഗീത നൃത്തപരിപാടികൾ ആയിരങ്ങളാണ് 
ആസ്വദിച്ചത്. 
വടക്കുന്നാഥ ക്ഷേത്രം, അവിണിശേരി തൃത്താമരശേരി ശിവക്ഷേത്രം, പൂങ്കുന്നം, അശോകേശ്വരം, പെരുവനം, വടക്കാഞ്ചേരി, മുതുവറ, മുടിക്കോട്, മുറ്റിച്ചൂർ  തുടങ്ങിയ ശിവക്ഷേത്രങ്ങളിലെല്ലാം മഹാശിവരാത്രി ആഘോഷിച്ചു. 
ശിവരാത്രിയോടനുബന്ധിച്ച്  വടക്കുന്നാഥ ക്ഷേത്രം  ഉപദേശക സമിതി ആഭിമുഖ്യത്തിൽ  ശ്രീമൂലസ്ഥാനത്തെ സംഗീത മണ്ഡപങ്ങളിലെ കലാസാംസ്കാരിക പരിപാടികൾ വൻ ജനാവലിയെ ആകർഷിച്ചു. 
ശിവരാത്രി ദിവസം മോഹിനിയാട്ടം, സംഗീതാർച്ചന, ഭരതനാട്യം, ഓട്ടൻ തുള്ളൽ, നൃത്തനൃത്യങ്ങൾ, കൂത്ത്‌, തായമ്പക എന്നിവയുണ്ടായി.  രാത്രി  എഴുന്നള്ളിപ്പിന്‌  കിഴക്കൂട്ട്‌ അനിയൻ മാരാരുടെ നേതൃത്വത്തിൽ 
പാണ്ടിമേളം നടന്നു.തൃത്താമരശേരി ശിവക്ഷേത്രത്തിൽ വിവിധ ദേശക്കാരുടെ കാവടിയാട്ടവുമുണ്ടായി.
പ്രധാന വാർത്തകൾ
 Top