21 February Friday
ജില്ലാതല പ്രഖ്യാപനം നാളെ

86 പഞ്ചായത്തുകൾക്കും ഐഎസ്‌ഒ

സ്വന്തം ലേഖകൻUpdated: Wednesday Jan 22, 2020
തൃശൂർ
ജില്ലയിലെ 86  പഞ്ചായത്തുകൾക്കും ഐഎസ്‌ഒ അംഗീകാരം. എല്ലാ പഞ്ചായത്തുകൾക്കും ഐഎസ്‌ഒ ലഭിച്ച ആദ്യ ജില്ലയാണ്‌ തൃശൂർ. ജനങ്ങൾക്ക്‌ മികച്ച സേവനം ലഭ്യമാക്കിയതിനുള്ള അംഗീകാരമാണിത്‌.    
മികച്ച സേവനത്തോടൊപ്പം വികസനപദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി നടപ്പാക്കുന്നതിന്റെകൂടി അംഗീകാരമാണിത്‌.  പഞ്ചായത്തുകളെ ജനസൗഹൃദ ഓഫീസുകളാക്കി മാറ്റിയും അടിസ്ഥാനസൗകര്യം വിപുലമാക്കിയുമാണ്‌ മികവ്‌ പുലർത്തിയത്‌. ഹരിതചട്ടം പാലിച്ച മനോഹരമായ പഞ്ചായത്തോഫീസുകളിൽ സേവനങ്ങൾ കംപ്യൂട്ടർവൽക്കരിച്ച്‌ ജനങ്ങളുടെ ആവശ്യങ്ങളെ കാലതാമസംകൂടാതെ പരിഹരിച്ചു. 
വസ്‌തുനികുതി, ഉടമസ്ഥാവകാശ സർട്ടിഫക്കറ്റുകൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ മുതലായവ ഓൺലൈനായി രജിസ്റ്റർ ചെയ്യാനും ലഭ്യമാക്കാനും സാധിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ, കെട്ടിടനിർമാണ പെർമിറ്റ്‌, വികസനപദ്ധതികൾ തയ്യാറാക്കൽ, യോഗങ്ങളുടെ മിനുട്‌സ്‌, അക്കൗണ്ട്‌സ്‌ എന്നിവയും  കംപ്യൂട്ടർവൽക്കരിച്ചു.  
ഓരോ പഞ്ചായത്തിലും നൽകിയിട്ടുള്ള അപേക്ഷകളുടെ സ്ഥിതിവിവരം  സംബന്ധിച്ച്‌ എസ്‌എംഎസ്‌ സൗകര്യവും ഏർപ്പെടുത്തി.  ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും പരിശ്രമത്തിലൂടെ പഴയ രേഖകൾ തരംതിരിച്ച്‌ ക്രമപ്പെടുത്തി റെക്കോർഡ്‌ മുറികളിൽ സൂക്ഷിക്കുന്ന സംവിധാനവും ഏർപ്പെടുത്തി. ഇതുമൂലം ആവശ്യമുള്ള രേഖകൾ വൈകാതെ കണ്ടെത്താം. ജില്ലയിലെ എല്ലാ പഞ്ചായത്തോഫീസുകളിലും 2009 ജൂലൈയിൽ ഫ്രണ്ട്‌ ഓഫീസ്‌ സംവിധാനം നിലവിൽ വന്നിരുന്നു. ഈ നേട്ടം കൈവരിച്ചത്‌ സംസ്ഥാനത്ത്‌ ആദ്യം തൃശൂർ ജില്ലയിലായിരുന്നു. നിലവിൽ ഫ്രണ്ട്‌ ഓഫീസ്‌ മുഖേന മികച്ച രീതിയിൽ സേവനം നൽകുന്നുണ്ട്‌. ഹെൽപ്പ്‌ ഡെസ്‌ക്, ഫ്രണ്ട്‌ ഓഫീസ്‌ കിയോസ്‌ക്‌ തുടങ്ങിയ  ക്രമീകരണങ്ങളും ഒരുക്കി. പൊതുജനങ്ങൾക്കായി  ഇരിപ്പിട സൗകര്യങ്ങൾ, ശീതീകരിച്ച മുറികൾ, കുടിവെള്ളം, ടെലിവിഷൻ തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തി. മികവിന്റെ കേന്ദ്രങ്ങളായി മാറിയതിന്റെ അംഗീകാരമാണ്‌ ഐഎസ്‌ഒ സർട്ടിഫിക്കേഷനെന്ന്‌  പഞ്ചായത്ത്‌ ഡെപ്യൂട്ടി  ഡയറക്ടർ ജോയ്‌ ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ഗ്രാമപഞ്ചായത്തുകൾ സമ്പൂർണ ഐഎസ്‌ഒ സർട്ടിഫിക്കേഷൻ നേടിയതിന്റെ ജില്ലാതല പ്രഖ്യാപനം വ്യാഴാഴ്‌ച  പകൽ 11ന്‌ തൃശൂർ  ടൗൺഹാളിൽ  നടക്കുന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്‌തീൻ  നിർവഹിക്കും. 
വാർത്താസമ്മേളനത്തിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ പി എസ്‌ വിനയൻ, പി എൻ വിനോദ്‌കുമാർ, ടി എൻ പ്രേമരാജൻ, സി ജി ജയകൃഷ്‌ണൻ എന്നിവരും  പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top