27 September Sunday

സുരേഷിനും അമ്മയ്ക്കും ആശ്വാസം

കെ ആർ പ്രജിത്ത്‌Updated: Wednesday Jan 22, 2020

സുരേഷിനും അമ്മയ്ക്കും വേണ്ടി നിർമിച്ച വീടിന്റെ താക്കോൽ അജയന്റെ പേരക്കുട്ടിയിൽ നിന്നും സുരേഷ് ഏറ്റുവാങ്ങുന്നു

ചേർപ്പ്
അപകടത്തിൽപ്പെട്ട് ഒമ്പതു വർഷമായി അരയ്ക്ക് താഴെ തളർന്ന് വീൽചെയറിൽ ജീവിക്കുന്ന ആറാട്ടുപുഴ കൊടുവളപ്പിൽ കണ്ടായിയുടെ മകൻ സുരേഷി(42)നും വൃക്കരോഗം ബാധിച്ച് കിടപ്പിലായ അമ്മ തങ്കയ്ക്കും(70) ഇനി അൽപ്പമൊന്ന് ആശ്വസിക്കാം. ഒന്നരക്കൊല്ലമായി താമസിക്കുന്ന ആറാട്ടുപുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പുതുതായി പണിത സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയാണ്‌ ഇവർ. 
തൃശൂരിലെ അജയ് ഗോൾഡ് വർക്സ് ഉടമയായ അജയൻ സുരേഷിന്റെ മൂന്നുസെന്റ് ഭൂമിയിൽ ഒരു കൊച്ചുവീട് പണിത് നൽകി. മന്ത്രി സി രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ അജയനും കുടുംബാംഗങ്ങളും ചേർന്ന് വീടിന്റെ താക്കോൽ കൈമാറി. ലോറിയിൽ ക്ലീനറായി ജോലി ചെയ്തിരുന്ന സുരേഷിന് 2011ലാണ് അപകടമുണ്ടായത്. വാഹനം വൃത്തിയാക്കിക്കൊണ്ടിരിക്കെ ഹൈഡ്രോളിക് സംവിധാനത്തിൽ ഉയർത്തിവച്ച ലോറിയുടെ പുറകുഭാഗം സുരേഷിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. 
അപകടത്തെത്തുടർന്ന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് വീൽ ചെയറിൽ കഴിയുകയാണ് സുരേഷ്. നാലുവർഷമായി വൃക്കരോഗം ബാധിച്ച് കിടപ്പിലാണ് അമ്മ. സംസ്ഥാനസർക്കാരിന്റെ കാരുണ്യ പദ്ധതിയിലൂടെയാണ് അമ്മയുടെ ചികിത്സ തുടരുന്നത്. 
സുരേഷിന്റെ അപകടത്തെത്തുടർന്ന് ചികിത്സയ്ക്കായി സ്വന്തമായുണ്ടായിരുന്ന 16 സെന്റ് ഭൂമിയും വീടും വിൽക്കേണ്ടി വന്നു. പിന്നീട് വാടകവീട്ടിലായിരുന്നു. 2018ലെ പ്രളയത്തിൽ വാടകവീട്ടിലേയ്ക്ക് വെള്ളം കയറിയപ്പോൾ താമസം ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. വെള്ളമിറങ്ങിയപ്പോഴേയ്ക്കും വാടകവീട് വീട്ടുടമ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. മറ്റൊരു വീട് വാടകയ്ക്കെടുക്കാൻ ശേഷിയില്ലാത്തതിനാൽ ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചിരുന്ന വല്ലച്ചിറ പഞ്ചായത്തിന്റെ കീഴിലുള്ള പഴം പച്ചക്കറി സംസ്കരണ യൂണിറ്റിൽത്തന്നെ താമസം തുടർന്നു. ഇക്കാര്യം പത്രവാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അജയൻ സഹായഹസ്തവുമായെത്തിയത്. 
നേരത്തേയുണ്ടായിരുന്ന പുരയിടം വിറ്റപ്പോൾ ലഭിച്ച പണത്തിൽനിന്ന് മൂന്ന്‌ സെന്റ് ഭൂമി വാങ്ങുവാൻ മുൻകൂർ തുക നൽകിയിരുന്നു. ആ സ്ഥലം അജയൻ തന്നെ രജിസ്ട്രേഷൻ നടപടികൾ ചെയ്ത് വീട് വച്ച് നൽകുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി കെ ലോഹിതാക്ഷൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി ആർ സരള, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ്‌ സോഫി ഫ്രാൻസിസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top