13 November Wednesday

മഴ ശക്തം; ഡാമുകൾ തുറന്നു

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019

കനത്ത മഴയിൽ ഗുരുവായൂർ മമ്മിയൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയപ്പോൾ

തൃശൂർ
ജില്ലയിൽ കനത്ത മഴയിൽ ജലനിരപ്പുയർന്നതോടെ മൂന്ന്‌ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ഇറിഗേഷൻ വകുപ്പിന്‌ കീഴിലുള്ള പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളുടെ  നാല്‌ ഷട്ടറുകൾ രണ്ടിഞ്ച്‌ വീതമാണ്‌ ഞായറാഴ്ച ഉയർത്തിയത്‌. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകി. 
പെരിങ്ങൽകുത്ത്‌, ലോവർഷോളയാർ ഡാമുകളിൽ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. പെരിങ്ങൽകുത്ത്‌ ഡാമിന്റെ ഏഴ്‌ ഷട്ടറുകളും കഴിഞ്ഞ ജൂലൈ മുതൽ താഴ്‌ത്തിയിരിക്കുകയാണ്‌. ഞായറാഴ്ച ഉച്ചയോടെയാണ്‌ കനത്ത മഴയുണ്ടായത്‌. തൃശൂർ നഗരവും വിവിധ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞദിവസം തോടുകളിൽ വെള്ളപ്പാച്ചിലുണ്ടായ അതിരിപ്പിള്ളിയും ചാലക്കുടിപ്പുഴ തീരവും ജാഗ്രതയിലാണ്‌.   
പീച്ചി ഡാമിലെ ജലനിരപ്പ്‌ 95 ശതമാനമാണ്‌. വാഴാനിയിൽ 98 ശതമാനവും ചിമ്മിനിയിൽ 97 ശതമാനവുമായി ജലനിരപ്പ്‌. ഷട്ടറുകൾ തുറന്നതോടെ ഡാമുകളുടെ സമീപത്തുള്ള പുഴകളിലും വെള്ളമുയരും. മഴ ശക്തമായി തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്ന്‌ അധികൃതർ പറഞ്ഞു. പെരിങ്ങൽക്കുത്തിൽ 419.7 ‌മീറ്ററാണ്‌ ജലനിരപ്പ്‌. ലോവർ ഷോളയാറിൽ സംഭരണശേഷി 2663 അടിയാണ്‌. 2660.4 അടിയാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്‌. 
ഞായറാഴ്ച രാവിലെ നല്ല വെയിലായിരുന്നു. ഉച്ചയോടെ അന്തരീക്ഷം മാറി. 12.30ഓടെയാണ്‌ ശക്തമായ മഴയെത്തിയത്‌. 
തൃശൂരിൽ പെരുമഴയിൽ കാനകൾ നിറഞ്ഞ്‌ ശക്തൻനഗർ, റെയിൽവേ സ്‌റ്റേഷൻ റോഡ്‌ ഉൾപ്പെടെ വെള്ളക്കെട്ടിലായി. കൂർക്കഞ്ചേരി മേഖലയിലടക്കം നഗരത്തിന്റെ സമീപപ്രദേശങ്ങളിലും വെള്ളം കയറി. അപ്രതീക്ഷിതമായി കനത്ത മഴയെത്തിയതോടെ വഴിവാണിഭ‌ക്കാരും കുടുങ്ങി. ഒന്നരയോടെയാണ്‌ മഴയൊഴിഞ്ഞത്‌. ഒരു മണിക്കൂറോളം നീണ്ട മഴ ഒഴിഞ്ഞതോടെ വെള്ളക്കെട്ടിനും അൽപ്പം ശമനമായി. പുഴയ്‌ക്കൽ, മാള, നാട്ടിക മേഖലകളിൽ മഴയുണ്ടായെങ്കിലും നാശമുണ്ടായതായി റിപ്പോർട്ടില്ല. ഇതേസമയം ജില്ലയുടെ ചില ഭാഗങ്ങളിൽ കാര്യമായ മഴയുണ്ടായില്ല. ശനിയാഴ്ച പുലർച്ചെ നഗരത്തിലും വടക്കാഞ്ചേരിയടക്കമുള്ള പ്രദേശങ്ങളിലും കനത്ത മഴയുണ്ടായി. വടക്കാഞ്ചേരി മേഖലയിൽ ഞായറാഴ്ച പകൽ കാര്യമായ മഴയുണ്ടായില്ല. മഴയിൽ ഗുരുവായൂർ ക്ഷേത്രനടയിലും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. മമ്മിയൂർ ക്ഷേത്രത്തിന്‌ മുന്നിലെ റോഡിലും വെള്ളം കയറി.
പ്രധാന വാർത്തകൾ
 Top