13 November Wednesday

കല്ലിനുമുണ്ടൊരു കഥപറയാൻ

ജോർജ്‌ ജോൺUpdated: Monday Oct 21, 2019
തൃശൂർ
സംഘകാലപ്പെരുമയിൽ കല്ലിനുമുണ്ടൊരു കഥപറയാൻ. നൂറ്റാണ്ടുകളുടെ  ചരിത്രസാക്ഷിയാണ്‌ വില്ലടം–- നെല്ലിക്കാട്‌ അഗതിമന്ദിരത്തിനു മുന്നിലെ  ‘പുലച്ചിക്കല്ല്‌’. ഐതിഹ്യവും  ചരിത്രവും ഇഴചേർന്ന ഈ കല്ലിനെക്കുറിച്ച്‌ ആധികാരിക രേഖകളോ വിവരങ്ങളോ ഇല്ല. കല്ല്‌ എങ്ങനെ ഇവിടെയെത്തി എന്ന അന്വേഷണം പലരും നടത്തിയിട്ടുണ്ട്‌. പഴമക്കാർ പറയുന്നത്‌  ഓർമവച്ചനാൾമുതൽ   ഈ പാറക്കല്ല്‌ ഇവിടെയുണ്ടെന്നാണ്‌. ഇത്ര വലിയ പാറക്കല്ല്‌ ആരെങ്കിലും കൊണ്ടുവന്നിട്ടതാകാൻ ഇടയില്ല. പാറപൊട്ടിച്ച അവശിഷ്ടമാകാനും സാധ്യതയില്ലെന്നാണ്‌  വിദഗ്‌ധാഭിപ്രായം. പിന്നെ  ഈ ഭീമൻ കല്ല്‌  എങ്ങനെ വന്നുവെന്നതാണ്‌ പ്രാദേശികചരിത്രം തെരയുന്നവരുടെ എക്കാലത്തേയും അന്വേഷണം,  ഉത്തരം കണ്ടെത്തിയിട്ടില്ലെങ്കിലും.   സംഘകാല സ്വാധീനം കാണുന്നതിനാൽ  1500 ലേറെ വർഷത്തെ പഴക്കമുണ്ടെന്ന്‌ കണക്കാക്കുന്നു.  കല്ലിനു മുകളിലെ തമിഴ്‌ ലിപിയും സംഘകാലത്തെ സൂചിപ്പിക്കുന്നു. കല്ലിന്റെ സംരക്ഷണച്ചുമതല  പുരാവസ്‌തുവകുപ്പിനാണ്‌.
എണ്ണമറ്റ ഐതിഹ്യങ്ങളാണ്‌ പുലച്ചിക്കല്ലിനെക്കുറിച്ച്‌  പ്രചാരത്തിലുള്ളത്‌. ടിപ്പുവിന്റെ പടയോട്ടത്തിൽ (1789)  പട മുന്നേറുന്ന വഴികൾ തിരിച്ചറിയാനായി അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നുവത്രെ. ഇത്തരത്തിൽ  പുലച്ചിക്കല്ലിലും വഴി തിരിച്ചറിയാൻ അടയാളം ഇട്ടതായി പറയുന്നു. അടയാളങ്ങളുടെ സൂചനയും കല്ലിലുണ്ട്‌.  
സതിയനുഷ്‌ഠിക്കുന്ന  യുവതികളുടെ സ്‌മരണയ്‌ക്കായി പട്ടടയുടെ സമീപത്ത്‌ സ്ഥാപിച്ചിരുന്ന  കല്ലുമായി ഇതിന്‌ സാദൃശ്യമുണ്ടെന്നും   പറയുന്നു. സംഘകാല  കേരളത്തിൽ  ഇത്തരം പുലച്ചിക്കല്ല്‌ (മഹാസതിക്കല്ല്‌) ഉണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്‌. 
ഇതു സംബന്ധിച്ച  കഥകളിൽ ഒന്നിതാണ്‌:   ആ   പ്രദേശം പണ്ട്‌ നെൽപ്പാടമായിരുന്നു.  ഞാറ്‌ നടാനിറങ്ങിയ  പുലയസ്‌ത്രീക്ക്‌ സന്ധ്യക്കുമുമ്പേ  പണി തീർക്കാനായില്ല.  സൂര്യൻ അസ്‌തമിക്കാതിരുന്നെങ്കിൽ ഞാറ്‌ നട്ടുതീർക്കാമായിരുന്നുവെന്ന്‌ ആഗ്രഹിച്ച  അവർ വയലിനടുത്ത്‌  ഒരു വടി കുത്തിനിർത്തി ഞാറുനടൽ തുടർന്നു. പണി തീരുംവരെ സൂര്യൻ അസ്‌തമിച്ചില്ലെന്നും കുടിലിലേക്ക്‌  പോകാൻ നേരം  വടിയൂരിയപ്പോൾ അവിടെ കല്ലായി മാറിയെന്നുമാണ്‌ കഥ.  
വയലിൽ  ജോലിക്കെത്തിയ കർഷകത്തൊഴിലാളി സ്‌ത്രീ  കാലുനീട്ടിയിരുന്ന്‌ വെറ്റില മുറുക്കിയപ്പോൾ കല്ലായിപ്പോയെന്നടക്കമുള്ള കഥകൾ വേറെ. കഥകളെന്തായാലും പുതിയ തലമുറയ്‌ക്കിത്‌ ചരിത്രം മിടിക്കുന്ന കാഴ്‌ചപ്പെരുമയാണ്‌.
പ്രധാന വാർത്തകൾ
 Top