13 November Wednesday
പ്രളയം

ദുരന്തനിവാരണത്തിന്‌ പുതുപദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
തൃശൂർ
പ്രളയാനുഭവത്തെ ഉൾക്കൊണ്ടും ജില്ലയുടെ സവിശേഷസാഹചര്യങ്ങളെ കണക്കിലെടുത്തും ജില്ലാ ദുരന്തനിവാരണ പദ്ധതി പുതുക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണിത്.  2018 ലും 19ലും   രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയാണ്‌ തൃശൂർ. പ്രളയബാധിത പ്രദേശങ്ങളുടെ മാപ്പിങ്‌ ഉൾപ്പെടെ ശാസ്ത്രീയമായി നടത്തും.  
 ജനം ഒത്തുകൂടുന്ന ആഘോഷങ്ങൾ ജില്ലയിൽ കൂടുതലായതിനാൽ,  അപകടം ഒഴിവാക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകും.  വെടിക്കെട്ടപകടം ഒഴിവാക്കുന്നതിനും പദ്ധതി തയ്യാറാക്കും.  
നാല് ഭാഗമായാണ് നടപ്പാക്കുക. ഒന്നാം ഘട്ടത്തിൽ ജില്ലയുടെ അടിസ്ഥാന വിവരങ്ങളും ദുരന്തസാധ്യതകളെയും അത്തരം പ്രദേശങ്ങളെയും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.  രണ്ടിൽ ദുരന്തത്തെ നേരിടുന്ന പദ്ധതികളും മുൻകരുതലുകളും മൂന്നാം ഭാഗത്തിൽ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളെയും മറ്റും സംബന്ധിച്ച  വിവരങ്ങളുമുണ്ടാകും. നാലാം ഭാഗത്തിൽ ദുരന്തങ്ങളില്ലാത്ത സമയത്ത് നടത്തേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങളും മോക്ക്‌ ഡ്രിൽ ഉൾപ്പെടെ കാര്യങ്ങളുമാണ് ഉൾപ്പെടുത്തുക. 2015 നുശേഷം ആദ്യമായാണ് ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കുന്നത്.
പൊലീസ്, ജിയോളജി, മണ്ണു സംരക്ഷണം, അഗ്നിശമന സേന, ജലസേചന വിഭാഗം, തദേശസ്വയംഭരണം,  ഗതാഗതം, സിവിൽ സപ്ലൈസ്, ആരോഗ്യം, വനം , ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്‌സ്‌  എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരാണ് ജില്ലാതല ഉപദേശക സമിതി അംഗങ്ങൾ. പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി 52 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നടത്തി.  കലക്ടർ അധ്യക്ഷനായ 11 അംഗ ഉപദേശക കമ്മിറ്റി രൂപീകരിച്ചു. ഓരോ വകുപ്പിനു കീഴിലും താലൂക്ക് അടിസ്ഥാനത്തിൽ ദുരന്തങ്ങളെ നേരിടുന്നതിനായുള്ള സംവിധാനങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ്  20 നുളളിൽ   പൂർത്തിയാക്കും.  ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്നും അഭിപ്രായം സ്വരൂപിക്കും.   22 ന് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ യോഗം നടത്തും. തുടർന്നുവരുന്ന നിർദേശം പരിഗണിച്ചാണ്   പദ്ധതി  പുതുക്കുക. നവംബർ അവസാനം പുതുക്കൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം. അഭിപ്രായങ്ങൾ ddmpthrissur@gmail.com വിലാസത്തിൽ അയക്കാം.
പ്രധാന വാർത്തകൾ
 Top