15 November Friday
ശാസ്ത്രമേള

‘പച്ചക്കുട്ടികള്‍' ഒരുക്കി പച്ചപേനയും പച്ചോല ബാഡ്ജും

സ്വന്തം ലേഖകന്‍Updated: Monday Oct 21, 2019

സംസ്ഥാന ശാസ്‌ത്രമേളയിൽ പങ്കെടുക്കുന്നവർക്ക്‌ നൽകാനായി കാൽഡിയൻ എച്ച്‌എസ്‌എസിലെ വിദ്യാർഥികൾ തയ്യാറാക്കുന്ന ഹരിത പേനകൾ

തൃശൂർ
കാൽഡിയൻ ഹയർസെക്കൻഡറി സ്കൂളിലെ  കുട്ടികൾ ആയിരക്കണക്കിന്‌  ഹരിതകിറ്റുകൾ ഒരുക്കുകയാണ്. കടലാസുകൊണ്ട്‌ പേനയും ഓലകൊണ്ട് ബാഡ്ജും തുണികൊണ്ട് സഞ്ചിയും ഇവർ ഒരുക്കുന്നു. കുന്നംകുളത്ത് നവംബർ 2, 3, 4 തീയതികളിൽ നടക്കുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം ഈ പ്രകൃതിസൗഹൃദ പേന സൗജന്യമായി നൽകും. സംഘാടകർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം ഓല ബാഡ്ജും തുണിസഞ്ചിയും സമ്മാനിക്കും.
 ഒറിഗാമി പേപ്പർ പേനയാണ്  നൽകുന്നത്. റീഫിലിൽ പശപുരട്ടിയശേഷം പേപ്പർ പൊതിയും. ഒടുവിൽ പെയിന്റടിക്കും. കളർപേപ്പറുകളും പൊതിയും. ഓലകൊണ്ടാണ് ബാഡ്ജ് തയ്യാറാക്കുന്നത് നടുവിലായി വൃത്താകൃതിയിൽ പേപ്പർ. ഈ പേപ്പറിൽ ശാസ്ത്രമേളയുടെ എംപ്ലവും വിവരങ്ങളും പതിക്കും. 
വിവിധ നിറമാർന്ന തുണിസഞ്ചികളും ഒരുക്കിയിട്ടുണ്ട്. മേളയിൽ പങ്കെടുക്കുന്ന ഒഫീഷ്യൽസ്, ഇൻവിലിജിറ്റേഴസ്, വളണ്ടിയേഴ്സ് തുടങ്ങിയവർക്കെല്ലാം ഇവ വിതരണംചെയ്യുകയാണ് ലക്ഷ്യം. 
കാൽഡിയൻ സ്കൂളിലെ  പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ ഇക്കോ ക്ലബ് അംഗങ്ങൾ  അവധിദിവസങ്ങളിലാണ് ഇതെല്ലാം നിർമിക്കുന്നത്.  നൂറോളം കുട്ടികൾ ആഴ്ചകളായി ഇവ നിർമിക്കുകയാണ്. 
5000 പേനകളും1500ഓളംപേർക്ക് ബാഡ്ജുകളും തയ്യാറാവുകയാണ്. ഡെൻ വർഗീസ്, അഗ്നിമിത്രൻ എസ് മേനോൻ തുടങ്ങീ വിദ്യാർഥികളും കെ കെ ശ്രീദേവി, സുജ ചന്ദ്രൻ എന്നീ അധ്യാപകരുടെയും നേൃത്വത്തിലാണ് ഇവ നിർമിക്കുന്നത്.  ശാസ്ത്രമേളയിൽ രജിസ്ട്രേഷൻ കൺവീനറായ കാൽഡിയൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബി പോളാണ് പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയം അവതരിപ്പിച്ചത്. കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ഉൽപ്പന്നങ്ങൾ കാണാനുമായി  മന്ത്രി വി എസ് സുനിൽകുമാർ സ്കൂളിലെത്തിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top