25 May Monday
സാമൂഹ്യ വ്യാപന മുൻകരുതൽ

2500 പേർക്കുള്ള ഐസോലേഷൻ വാർഡുകൾ ഒരുക്കും: എ സി മൊയ്‌തീൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
തൃശൂർ
കോവിഡ് 19 സാമൂഹ്യ വ്യാപനമുണ്ടായാൽ തടയാനുള്ള തയ്യാറെടുപ്പ് ജില്ലയിൽ ഊർജിതമെന്ന് മന്ത്രി എ സി മൊയ്തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സർക്കാർ,- സ്വകാര്യ ആശുപത്രികളിലായി ഇരുന്നൂറോളം ഐസോലേഷൻ കിടക്കകൾ  ഒരുക്കിയിട്ടുണ്ട്. സമൂഹവ്യാപനം ഉണ്ടാവുകയാണെങ്കിൽ നേരിടുന്നതിന്‌ 2500ഓളം പേർക്കുള്ള ഐസോലേഷൻ വാർഡുകൾ ഒരുക്കുന്നതിന് തയ്യാറെടുപ്പ് ആരംഭിച്ചു. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ, ഓഡിറ്റോറിയങ്ങൾ, കോളേജുകൾ തുടങ്ങിയ കേന്ദ്രങ്ങളിലായി വാർഡുകൾ സജ്ജമാക്കും. 
 ഗൃഹസന്ദർശനം നടത്തുന്നവരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകർക്ക് മാസ്‌ക്കുകൾ കിട്ടാനില്ലെന്ന പ്രശ്‌നം പരിഹരിക്കും. ഇതിനാവശ്യമായ ക്രമീകരണം ജില്ലയിൽ ഏർപ്പെടുത്തും. ത്രീലയർ മാസ്‌ക്കുകൾ ഒരുക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിനും വീട്ടുമൃഗങ്ങളെ പരിപാലിക്കുന്നതിനുമുളള ക്രമീകരണം തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തും.
 പ്രതിരോധ സംവിധാനം വിപുലപ്പെടുത്തുന്നതിന് സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ ആരംഭിച്ച രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. പുരുഷന്മാരെയും സ്‌ത്രീകളെയും ആവശ്യമുണ്ട്‌. ഇതിനായി യുവജനസംഘടനകളുടെ യോഗവും വിളിക്കും. ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികൾക്ക് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് പരിശീലനം നൽകും. അതിഥിതൊഴിലാളികൾ കൂട്ടത്തോടെ നാടുവിടുന്ന സ്ഥിതി ഒഴിവാക്കാൻ കെട്ടിടനിർമാതാക്കൾ, കരാറുകാർ എന്നിവരുടെ യോഗം വിളിക്കും. അതിഥിതൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ സുരക്ഷിത്വം ഉറപ്പുവരുത്തും. വ്യാജവാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെയുളള 15 കേസുകളിലായി 30 പേരെ അറസ്റ്റ് ചെയ്തു. 
 പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം വൈകിട്ട്‌വരെ ഉറപ്പാക്കും. ഇതിന് നിലവിലുളള ഡോക്ടർമാർക്ക്‌  പുറമേ സന്നദ്ധ പ്രവർത്തകാരായ ഡോക്ടർമാരെയും ഉപയോഗിക്കും. 80ഓളം ഡോക്ടർമാർ സൗജന്യസേവനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പട്ടികജാതി കോളനികളിലെ പ്രമോട്ടർമാർക്ക്‌  പ്രത്യേകം പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.  ഗവ.ചീഫ് വിപ് അഡ്വ. കെ രാജൻ, കലക്ടർ എസ് ഷാനവാസ്, ഡിഎംഒ ഡോ. കെ ജെ റീന, ഡെപ്യൂട്ടി ഡിഎംഒ ഡോ. സതീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
 
 ആൾക്കൂട്ടം കുറച്ചതിന്‌ നന്ദി
തൃശൂർ
മുസ്ലീം പളളികളിലെ വെളളിയാഴ്ച നമസ്കാരത്തിന് ആൾക്കൂട്ടം കുറയ്ക്കാൻ സന്നദ്ധരായ സമുദായ നേതാക്കളോട് മന്ത്രി നന്ദി രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തോട് അനുബന്ധിച്ചുളള കോഴിക്കല്ല് മൂടൽ ചടങ്ങിന് പതിവിന് വിപരീതമായി കുറച്ച് പേർ മാത്രമാണ് എത്തിയത്. ആയിരങ്ങൾ ഈ ചടങ്ങിന്‌ പങ്കെടുക്കാറുണ്ട്‌. എല്ലാരും ജാഗ്രത പാലിച്ചു. ഇത്തരം സാമൂഹിക ജാഗ്രത എല്ലാവരും പ്രകടിപ്പിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. 
 
ഡങ്കുപ്പനി, ചിക്കൻപോക്‌സ് കരുതിയിരിക്കണം. 
തൃശൂർ
ജില്ലയുടെ ചില കേന്ദ്രങ്ങളിൽ ഡങ്കുപ്പനി, ചിക്കൻപോക്‌സ് എന്നിവ പടരുന്നതായി റിപ്പോർട്ടുണ്ട്. ഇത് തടയുന്നതിന് നടപടികൾ സ്വീകരിക്കും.  ജനങ്ങൾ കരുതിയിരിക്കണം. കൊതുകു നശീകരണത്തിന് തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കും.
പ്രധാന വാർത്തകൾ
 Top