30 May Saturday
വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കച്ചവടമില്ലാതെ വഴിയോരക്കച്ചവടക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
തൃശൂർ
‘ഉപ്പിലിട്ട മാങ്ങയുടെ ഒരു കഷ്‌ണം വാങ്ങാനെങ്കിലും ഒരാൾ പോലും വരുന്നില്ല. കുപ്പിയിൽ നിറച്ചുവച്ച സർബത്ത്‌ ഒരാഴ്‌ചയായി അനങ്ങിയിട്ടില്ല’. ഇതു പറയുമ്പോൾ തൃശൂർ മൃഗശാലയ്‌ക്ക്‌ മുന്നിൽ കച്ചവടം നടത്തുന്ന ബിജോയിയുടെ മനസ്സ്‌ പതറി.  ദിനംപ്രതി നൂറുകണക്കിനാളുകളാണ്‌ മൃഗശാല സന്ദർശിക്കാൻ വരാറുള്ളത്‌. കോവിഡ്‌ 19ന്റെ രോഗവ്യാപനം തടയാനായാണ്‌ സംസ്ഥാനത്തെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും മാർച്ച്‌ 31 വരെ അടച്ചത്‌. ഇതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട്‌ ഉപജീവനം നടത്തിയിരുന്ന നൂറുകണക്കിന്‌ ചെറുതും ഇടത്തരവുമായ വഴിയോരക്കച്ചവടക്കാർ പ്രതിസന്ധിയിലായി. എങ്ങനെ കുടുംബം പുലർത്തുമെന്ന വേവലാതിയിലാണ്‌ ഈ കച്ചവടക്കാർ.
തൃശൂർ നല്ലെങ്കര  വൈലോപ്പിളളി നഗറിൽ കാട വീട്ടിൽ കെ പി ബിജോയ്‌(39) പത്ത്‌ വർഷത്തിലേറെയായി തൃശൂർ മൃഗശാലയ്‌ക്ക്‌ മുന്നിൽ വഴിയോരത്ത്‌ സർബത്തും ഉപ്പിലിട്ടതും കപ്പലണ്ടിയുമൊക്കെ കച്ചവടം നടത്തുന്നു. തീരെ കച്ചവടമില്ലാത്ത സാഹചര്യം ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ലെന്ന്‌ ബിജോയ്‌ പറഞ്ഞു. ഇതോടെ ഭാര്യയും മൂന്ന്‌ മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗം നിലച്ചു. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്‌. ഇതുവരെ വീട്ടിലുണ്ടായിരുന്ന സന്തോഷം നിറഞ്ഞ ആ നല്ല നാളുകൾ എന്ന്‌ തിരിച്ചുവരുമെന്ന ചിന്തയിലാണ്‌ ബിജോയ്‌. മൃഗശാലയ്‌ക്ക്‌ മുന്നിൽ ഇരുപത്തിയഞ്ചിലധികം വഴിയോരക്കച്ചവടക്കാരുണ്ട്‌. മൃഗശാല അടച്ചതോടെ ഇവർക്ക്‌ കച്ചവടം തീരെയില്ലാതായി. ഭൂരിഭാഗം പേരും കട തുറക്കാതായി. 
ദിനംപ്രതി മൂന്നൂറിലേറെ ചായക്കച്ചവടം നടത്തിയിരുന്ന സ്ഥാനത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ 30ൽ താഴെ ചായ മാത്രമാണ്‌ വിൽപ്പന നടത്തിയതെന്ന്‌ തൃശൂർ താലൂക്ക്‌ ഓഫീസിന്‌ മുന്നിൽ ഉന്തുവണ്ടിയിൽ ചായയും പലഹാരവും വിൽക്കുന്ന ചെമ്പൂക്കാവ്‌ കുണ്ടുവാറ എം ജി നഗറിൽ പി എസ്‌ ഉണ്ണികൃഷ്‌ണൻ പറഞ്ഞു. കച്ചവടം കുറഞ്ഞതോടെ ജീവിതം പ്രതിസന്ധിയിലാണ്‌. കച്ചവടം തീരെ ഇല്ലാതായതോടെ അടുത്ത ദിവസം മുതൽ കട അടച്ചിടാനാണ്‌ നീക്കം. ഇതോടെ കുടുംബം ഏങ്ങനെ പുലർത്തുമെന്ന ആശങ്കയിലാണ്‌ ഉണ്ണികൃഷ്‌ണൻ. പ്രതിസന്ധിയെ മറികടക്കാനും സാമ്പത്തികമേഖലയും ജനജീവിതവും തിരിച്ചുപിടിക്കാനുമായി സംസ്ഥാനസർക്കാരിന്റെ 20,000 കോടിയുടെ പാക്കേജ്‌ ആശങ്കയ്ക്ക്‌ ആശ്വാസം പകരുന്നതാണെന്നും ഈ കച്ചവടക്കാർ പറയുന്നു.
പ്രധാന വാർത്തകൾ
 Top